14
Nov 2026
Sat
14 Nov 2026 Sat
Former CPI MP Chengara Surendran Likely to Join BJP

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വീണ്ടും അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ ലോക്സഭാ എംപിയുമായ ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പലവട്ടം ചര്‍ച്ചകള്‍ നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐ നേതൃത്വവുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസവും അകല്‍ച്ചയുമാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്‍ സിപിഐ എംഎല്‍എമാരായ കെ. അജിത്തും സി.സി. മുകുന്ദനും നേരത്തെ ബിജെപിയില്‍ ചേര്‍ന്നതിന്റെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടി പൂര്‍ണ്ണമായി മുക്തമാകുന്നതിന് മുമ്പാണ് മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിടാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം, പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ചെങ്ങറ സുരേന്ദ്രന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ കടുത്ത അതൃപ്തി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായിരിക്കെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് ചെങ്ങറ സുരേന്ദ്രനും സിപിഐ നേതൃത്വവും തമ്മിലുള്ള ബന്ധം വഷളാക്കിയത്: ദേവസ്വം ബോര്‍ഡ് വക സ്‌കൂളില്‍ മകള്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപ വാങ്ങിയ ശേഷം ജോലി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു സുരേന്ദ്രനെതിരായ പരാതി.

ഈ ആരോപണത്തില്‍ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് 2025 മാര്‍ച്ച് 19-ന് സിപിഐ കൊല്ലം ജില്ലാ നേതൃത്വം അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.

സസ്‌പെന്‍ഷന്‍ കാലാവധിയായ ഒരു വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനോ നടപടി പിന്‍വലിക്കാനോ സിപിഐ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായി പൂര്‍ണ്ണമായി അകന്നതും ബിജെപിയുമായി അടുത്തതുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊടിക്കുന്നിലിനെ അട്ടിമറിച്ച നേതാവ്

കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ സിപിഐയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ചെങ്ങറ സുരേന്ദ്രന്‍. രണ്ട് തവണ ലോക്സഭയില്‍ അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്: 1998ല്‍ അടൂരില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ അട്ടിമറിച്ചാണ് ലോക്സഭയിലെത്തിയത്. 2004 വീണ്ടും കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2014ല്‍ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനോട് പരാജയപ്പെട്ടു.

പാര്‍ട്ടി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ചെങ്ങറ സുരേന്ദ്രന്റെ അനുയായികളും ബിജെപി പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.

Tags: Chengara Surendran, CPI Kerala, BJP Kerala, Guruvayur Devaswom Board Scam, K Ajith, CC Mukundan, Kerala Politics News, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക