കൊച്ചി / തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ ശനിയാഴ്ച വൈകിട്ട് നടത്താനിരുന്ന ‘പുഷ്പവതി പാടുന്നു’ എന്ന സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായിക പുഷ്പവതി. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള തന്റെ പാട്ടുകളാകാം ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനെ ഭയപ്പെടുത്തുന്നതെന്ന് പുഷ്പവതി പ്രതികരിച്ചു. വിഷയത്തില്‍ ഇടപെടാതെ മൗനം പാലിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് (യുഡിഎഫ്) സര്‍ക്കാരിനെതിരെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെയും ഗായിക കടുത്ത വിമര്‍ശനം ഉന്നയിച്ചു.
|
അതേസമയം, പരിപാടി സംഘടിപ്പിക്കുന്ന രജതജൂബിലി ആഘോഷ സമിതിയില്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തമില്ലെന്നും, ‘ഏതെങ്കിലും നാല് പേര് ചേര്‍ന്ന് സമിതിയുണ്ടാക്കിയാല്‍ പരിപാടിക്ക് അനുമതി നല്‍കാനാവില്ല’ എന്നും തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് വിശദീകരിച്ചു.
‘കേരളം ഭരിക്കുന്നത് ആര്‍എസ്എസ് ആണോ?’; തുറന്നടിച്ച് പുഷ്പവതി
സാംസ്കാരിക ഇടങ്ങള്‍ ഇല്ലാതായാല്‍ മാത്രമേ ബിജെപിക്ക് വളരാനാകൂ എന്നും, നിലപാടുകള്‍ പാട്ടിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ അതിനെ തടയുകയാണെന്നും പുഷ്പവതി പറഞ്ഞു.
രാഷ്ട്രീയ പാട്ടുകളോടുള്ള ഭയം: ‘എന്റെ പാട്ടിനെ എന്തിനാണ് ഭയപ്പെടുന്നത്? ഞാന്‍ സത്യമല്ലേ പാടുന്നത്. നേഹ സിംഗ് റാത്തോഡിനെ അവര്‍ അപമാനിച്ചില്ലേ. പുതിയ ഗവര്‍ണര്‍ രാജ്ഭവനില്‍ മത്സ്യമാംസാദികള്‍ വേണ്ടെന്ന് വെച്ചിരുന്നു. നമ്മള് എന്ത് പാടണം, എന്ത് കഴിക്കണം, എവിടെ പാടണം എന്നെല്ലാം ഇവരാണോ തീരുമാനിക്കുന്നത്? ഇന്ത്യ ഇവരുടെ കുടുംബസ്വത്താണോ?’
യുഡിഎഫ് സര്‍ക്കാരിന്റെ മൗനത്തിനെതിരെ: ‘കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ലേ? രമേശ് ചെന്നിത്തലയല്ലേ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്? മാനവീയം ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവിലെ എംഎല്‍എ കെ. മുരളീധരനാണ്. ഇവരാരും ഇതിനെതിരെ ഒരു വാക്ക് പറഞ്ഞിട്ടില്ല. കേരളം ആര്‍എസ്എസ് ആണോ ഭരിക്കുന്നത്? സിഎഎ സമരകാലത്ത് ഞാന്‍ പാടിയ ‘സകലതുമോര്ത്തുവെയ്ക്കപ്പെടും’ എന്ന പാട്ട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഹൃദയത്തിലേറ്റെടുത്തതാണ്. മുസ്ലിം ലീഗിനും ഇക്കാര്യത്തില്‍ നിലപാടില്ലേ?’
മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മേയര്‍ വി.വി. രാജേഷ്
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച പുഷ്പവതിയുടെ ഗാനസന്ധ്യ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നഗരസഭയുടെ അനുമതി ഇല്ലാത്തതിനാല്‍ പൊലീസിന്റെ മൈക്ക് പെര്‍മിഷനും ലഭിച്ചില്ല. വിവാദത്തോട് പ്രതികരിക്കവെ മേയര്‍ വി.വി. രാജേഷ് കോര്‍പ്പറേഷന്റെ നിലപാട് വ്യക്തമാക്കി:
‘രജതജൂബിലി ആഘോഷിക്കാന്‍ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കോര്പ്പറേഷന് പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയല്ല ഇത്. ഏതെങ്കിലും നാല് പേര് വന്ന് പരിപാടി നടത്തുമെന്ന് പറഞ്ഞാല്‍ ശരിയാവില്ല. മാനവീയത്തില്‍ സാംസ്കാരിക പരിപാടികള്‍ ഇനിയും നടത്തും, പക്ഷേ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചാല്‍ ബാക്കി പൊലീസ് നോക്കിക്കോളും.’
കച്ചവടവല്ക്കരണമെന്ന് സംഘാടകര്‍; പ്രതിഷേധ കൂട്ടായ്മ
നവംബര്‍ 3-ന് തന്നെ അപേക്ഷ നല്കി രസീത് കൈപ്പറ്റിയിരുന്നതായും, നഗരസഭ സെക്രട്ടറി അപേക്ഷ ഫോര്‍വേഡ് ചെയ്തിട്ടും മേയര്‍ അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും രജതജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ രാഹുല്‍ ആരോപിച്ചു. സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി നിഷേധിക്കുമ്പോള്‍ തന്നെ കച്ചവട താല്പര്യമുള്ള എക്സ്പോകള്‍ക്ക് സ്റ്റാളുകള്‍ അനുവദിക്കുന്നതിലൂടെ മാനവീയം വീഥിയെ കച്ചവടവല്‍ക്കരിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും സംഘാടകര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും എസ്ഐആറിനെതിരെയും (SIR) നടന് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് മാനവീയം വീഥിയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് നേരെ പൊലീസ് നടപടിയുണ്ടാവുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഗീത പരിപാടിക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകിട്ട് മാനവീയം വീഥിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
Tags: Pushpavathy, Manaveeyam Veedhi, Thiruvananthapuram Corporation, VV Rajesh, Kerala Cultural News, Ramesh Chennithala, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





