15
Nov 2026
Sun
15 Nov 2026 Sun

ഹോർമുസ് കടലിടുക്കിൽ കടൽമൈനിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ നാവികസേന. ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായാണ് സംഭവങ്ങൾ ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ കിഴക്കൻ ഹോർമുസ് കടലിടുക്കിൽ ഒരു എണ്ണക്കപ്പലാണ് ആദ്യം കടൽമൈനിൽ ഇടിച്ചത്. പിന്നീട് രണ്ട് കപ്പലുകൾ കൂടി മൈനിൽ തട്ടി പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. നിരോധിത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് നാവികസേനയെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

അതേസമയം, അറേബ്യൻ ഗൾഫിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യൻ കപ്പൽ ഗതാഗത അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് യുകെഎംടിഒ വ്യക്തമാക്കി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആരെയും കാണാതായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന ആഘാതവും വ്യക്തമല്ല. മേഖലയിൽ സഞ്ചരിക്കുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും യുകെഎംടിഒ നിർദേശിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക