വസ്ത്രശാലയിലെ ട്രയൽ റൂമിനുള്ളിൽ 18കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ സൂരജ് എന്ന യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തിലെ തകർച്ചയും ഏകപക്ഷീയ പ്രണയവുമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോട്ടി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്രശാലയിൽ ജോലി ചെയ്തിരുന്ന ഷബ്നമാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഡൽഹിയിലായിരുന്നു യുവതിയുടെ താമസം.
|
ശനിയാഴ്ച വൈകുന്നേരം ജോലി സമയം അവസാനിക്കാറായപ്പോഴാണ് പ്രതി ഷോറൂമിലെത്തിയത്. ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും അടുത്തിടെയായി ബന്ധത്തിൽ വിള്ളലുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
രാത്രി ഒമ്പതോടെ ഷോറൂം അടയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ജീവനക്കാർ ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഷബ്നത്തെ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിന് പിന്നാലെ ഡൽഹിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാങ്കേതിക നിരീക്ഷണവും അന്വേഷണവും ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ വിവിധ വശങ്ങളിൽ അന്വേഷണം തുടരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



