19
Nov 2026
Wed
19 Nov 2026 Wed
woman constable among 4 arrested for killing and burnt ASI

വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാലുപേർ ചേർന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്ഐ) കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ചു. തെളിവ് നശിപ്പിക്കാനായി നടത്തിയ ആസൂത്രിത കൊലപാതകത്തിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ അൽഫാബെൻ കേലസ്വ (37), സഹോദരൻ കൽപേഷ് ഭായ് കേലസ്വ (36), ബന്ധു പങ്കജ് കുമാർ കേലസ്വ (28), സുഹൃത്ത് മനോജ് കുമാർ നിനാമ (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് 45കാരനായ എഎസ്ഐ അശ്വിൻഭായ് തബിയാദ് ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന പ്രതിയായ അൽഫാബെനും അശ്വിൻഭായിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സബർകാന്ത ജില്ലയിലെ ചിത്തോഡ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ അൽഫാബെൻ ആഗ്രഹിച്ചിരുന്നെങ്കിലും അശ്വിൻഭായ് ബന്ധം തുടരാൻ സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

നവംബർ എട്ടിന് രാത്രിയാണ് കൊലപാതകം നടന്നത്. അൽഫാബെൻ അശ്വിൻഭായിയെ ചിത്തോഡയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ രാത്രി തങ്ങിയ അശ്വിൻഭായിയെ അൽഫാബെൻ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിറ്റേന്ന് രാവിലെ സഹോദരൻ കൽപേഷ് ഭായിയെ വിളിച്ചുവരുത്തി മൃതദേഹം നീക്കം ചെയ്യാൻ സഹായം തേടി.

കൽപേഷ് ബന്ധുവായ പങ്കജ് കുമാറിനൊപ്പം മാരുതി ഇക്കോ കാറിലെത്തി. തുടർന്ന് മൃതദേഹം ചാക്കിലാക്കി വീടിനുള്ളിൽ ഒളിപ്പിച്ചു. അശ്വിൻഭായിയുടെ മാരുതി എർട്ടിഗ കാർ പങ്കജ് സമീപത്തെ വനമേഖലയിലേക്ക് ഓടിച്ചുകൊണ്ടുപോയി. അൽഫാബെനും കൽപേഷും ഇക്കോ കാറിൽ പിന്നാലെയെത്തി.

അന്ന് രാത്രി കൽപേഷും സുഹൃത്ത് മനോജ് കുമാറും വിജയനഗറിലെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി. തുടർന്ന് മൃതദേഹം നിറച്ച ചാക്ക് എർട്ടിഗ കാറിലേക്ക് മാറ്റി ഹത്മതി നദിക്ക് സമീപത്തെത്തിച്ചു. അവിടെവെച്ച് അൽഫാബെനും കൽപേഷും മനോജും ചേർന്ന് മൃതദേഹത്തിലും കാറിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ തീ പെട്ടെന്ന് ആളിപ്പടർന്നതോടെ അൽഫാബെന്റെ മുഖത്തും കൈകളിലും ശരീരത്തിലും പൊള്ളലേറ്റു. പിന്നീട് ഇവർ ചികിത്സ തേടുകയും ചെയ്തു.

നവംബർ പത്തിനാണ് അരവല്ലി ജില്ലയിലെ ഭിലോഡ മേഖലയിൽ പൂർണമായും കത്തിനശിച്ച നിലയിൽ മാരുതി എർട്ടിഗ കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിനുള്ളിൽനിന്ന് കത്തിക്കരിഞ്ഞ മനുഷ്യന്റെ അസ്ഥികൂടവും കണ്ടെത്തി. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ അവശിഷ്ടങ്ങൾ അശ്വിൻഭായിയുടേതാണെന്ന് സംശയിച്ച കുടുംബം, സഹോദരൻ സിദ്ധരാജ് തബിയാദ് ഔദ്യോഗികമായി പരാതി നൽകിയതോടെ നവംബർ 16ന് കൊലപാതകക്കേസായി രജിസ്റ്റർ ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക പരിശോധനകൾ, പ്രാദേശിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അസ്ഥികൂടത്തിൽനിന്നും അശ്വിൻഭായിയുടെ പിതാവിൽനിന്നും ശേഖരിച്ച ഡിഎൻഎ സാമ്പിളുകളും തിരിച്ചറിയൽ സ്ഥിരീകരിക്കാൻ ഉപയോഗിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽഫാബെനെ ചോദ്യം ചെയ്തതായും മറ്റ് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ നാലുപേരും കുറ്റം സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. കൊലപാതകത്തിന് ഉപയോഗിച്ച മാരുതി ഇക്കോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക