17
Nov 2026
Tue
17 Nov 2026 Tue
Bilkis Bano moves out of Gujarat after bail to 2 convicts

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കിസ് ബാനു കുടുംബത്തോടൊപ്പം ഗുജറാത്ത് വിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ രണ്ടുപേർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കുടുംബം സംസ്ഥാനം വിട്ടതെന്ന് ബന്ധു വെളിപ്പെടുത്തി. നവംബർ രണ്ടോ മൂന്നോ തീയതികളിലാണ് കുടുംബം ഗുജറാത്ത് വിട്ടതെന്ന് ബിൽക്കിസ് ബാനുവിന്റെ അമ്മാവൻ അബ്ദുൽ റസാഖ് മൻസൂരി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദാഹോദ് ജില്ലയിലെ ദേവ്ഗഢ് ബാരിയയിൽ താമസിച്ചിരുന്ന ബിൽക്കിസ് ബാനു ഒന്നര വർഷം മുമ്പ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയിരുന്നു. ഇപ്പോൾ ഗുജറാത്തിന് പുറത്തേക്ക് പോയതായും എന്നാൽ എവിടേക്കാണ് താമസം മാറിയതെന്ന വിവരം വെളിപ്പെടുത്താനാകില്ലെന്നും അമ്മാവൻ പറഞ്ഞു.

2002 മാർച്ച് മൂന്നിനാണ് ഗുജറാത്ത് കലാപത്തിനിടെ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച 19കാരിയായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു അവർ. മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിപിഞ്ചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോധിയ എന്നിവരുടെ ശിക്ഷ സുപ്രീംകോടതി ഒക്ടോബർ 28ന് മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 17 വർഷത്തെ തടവുശിക്ഷ അനുഭവിച്ചെന്ന കാരണമാണ് കോടതി പരിഗണിച്ചത്. ഇതിനെതിരെ ബിൽക്കിസ് ബാനു രംഗത്തെത്തിയിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്നും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് വീണ്ടും ഭയം ഉയർന്നതായും അവർ പ്രതികരിച്ചു.

പ്രതികൾക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ പോരാട്ടം തുടരുമെന്നും ബിൽക്കിസ് ബാനു വ്യക്തമാക്കി. 2022ൽ ഗുജറാത്ത് സർക്കാർ 11 പ്രതികളെയും ശിക്ഷാ ഇളവ് നൽകി മോചിപ്പിച്ച നടപടി സുപ്രീംകോടതി 2024ൽ റദ്ദാക്കിയിരുന്നു. വിചാരണ മുംബൈയിലേക്ക് മാറ്റിയതിനാൽ ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം മഹാരാഷ്ട്ര സർക്കാരിനാണെന്നും ഗുജറാത്ത് സർക്കാരിന് അതിന് അധികാരമില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 24 വർഷമായി നീതിക്കുവേണ്ടി പോരാടുകയാണെന്നും മക്കളുടെ സുരക്ഷയ്ക്കും കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയായ മകൾ സലേഹയുടെ ഓർമയ്ക്കും വേണ്ടിയാണ് പോരാട്ടം തുടരുന്നതെന്നും ബിൽക്കിസ് ബാനു പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്ത്രീക്കും നീതിക്കായി ജീവിതകാലം മുഴുവൻ പോരാടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അവർ കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക