മന്ത്രവാദത്തിന്റെ പേരിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തി അയൽവാസി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആണ് സംഭവം. ഭുഡ് സ്വദേശിനിയായ വാനിയയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവീട്ടിലെ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
ശനിയാഴ്ച രാവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. രാവിലെ 11 മണിയോടെ കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഏറെ നേരം അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കുടുംബം പൊലീസിന്റെ സഹായം തേടി.
പൊലീസ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടി വീടിന് അധികം ദൂരേക്ക് പോയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ സമീപത്തെ വീടുകളിൽ പരിശോധന നടത്തി.
തുടർന്ന് കുട്ടിയുടെ വസ്ത്രത്തിന്റെ മണം നൽകിയ സ്നിഫർ ഡോഗ് സമീപത്തെ ഒരു വീട്ടിലേക്ക് പൊലീസിനെ നയിക്കുകയായിരുന്നു. ഇവിടെ ചാക്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി കുട്ടിയുടെ അമ്മാവൻ അങ്കിത് പറഞ്ഞു.
കുട്ടിയുടെ വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൈയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും പൊലീസ് കണ്ടെത്തി.കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ സ്ത്രീക്ക് മന്ത്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമായാകാം കൊലപാതകമെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്ന് പൊലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





