26
Nov 2026
Thu
26 Nov 2026 Thu
CV Dhanaraj Murder Case Court Slams Police Investigation First Witness PV Prajeesh

തളിപ്പറമ്പ് (കണ്ണൂര്‍): പയ്യന്നൂര്‍ രാമന്തളി കാരന്താട്ടെ സിപിഎം നേതാവ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിധിന്യായത്തില്‍ അന്വേഷണ സംഘത്തിനും പരാതിക്കാരനായ ഒന്നാംസാക്ഷിക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കോടതി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഒന്നാംസാക്ഷി പി.വി. പ്രജീഷിന്റെ മൊഴിയെ മാത്രം അന്ധമായി പിന്തുടര്‍ന്ന അന്വേഷണ സംഘം പ്രധാനപ്പെട്ട പല തെളിവുകളും അവഗണിച്ചതായി തളിപ്പറമ്പ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിന്യായത്തില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസിന്റെ കഴിവില്ലായ്മയും ഒന്നാംസാക്ഷിയുടെ പിടിവാശിയും കേസിലെ ചിലപ്രതികള്‍ രക്ഷപ്പെടാനിടയാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘ഭരണഘടനാപരമായ കടമയില്‍ വീഴ്ചവരുത്തി; രാഷ്ട്രീയ നാടകം കണ്ടില്ലെന്ന് നടിക്കാനാവില്ല’

സെന്‍സേഷണലായ ഒരു കേസില്‍ യാന്ത്രികമായാണ് അന്വേഷണം നടത്തിയതെന്നും ഇതുമൂലം ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നും വിധിന്യായത്തില്‍ പറയുന്നു. കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്:

‘പോലീസിന്റെ അറിവോടും ഒത്താശയോടുംകൂടി നടന്ന രാഷ്ട്രീയ നാടകം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. പോലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഇടപെടലും കാരണമാണ് മറ്റു പ്രതികള്‍ രക്ഷപ്പെട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ കൊലപാതകക്കേസിലെ ചില കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഇതുവഴിയുണ്ടായത്.

‘നല്ല രീതിയില്‍ അന്വേഷണം നടത്തുകയെന്നത് ഭരണഘടനാപരമായ കടമയാണ്. അതില്‍ വീഴ്ചവന്നാല്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ നീതിതന്നെ ഇല്ലാതാകും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (അഡ്വ. സി.കെ. ശ്രീധരന്‍) അവസാന റിപ്പോര്‍ട്ടിന്റെ പരിമിതിക്കുള്ളില്‍നിന്ന് കേസ് നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. അന്വേഷണത്തില്‍ വലിയ വീഴ്ച വന്നിട്ടും ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു.’

17 ഖണ്ഡികകളില്‍ ഒന്നാംസാക്ഷിയെ പൊളിച്ചടുക്കി; തുണയായത് അമ്മയുടെയും ഭാര്യയുടെയും മൊഴികള്‍

വിധിന്യായത്തിലെ 17 ഖണ്ഡികകളിലായാണ് ഒന്നാംസാക്ഷി പി.വി. പ്രജീഷിന്റെ മൊഴിയിലെ വിശ്വാസ്യതയില്ലായ്മ കോടതി വിശദമായി വിലയിരുത്തിയത്. ആക്രമണത്തിന് ശേഷം പ്രജീഷ് സംഭവസ്ഥലത്ത് എത്തിയതും ധനരാജിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതും പൊലീസില്‍ പരാതി നല്‍കിയതും കോടതി അംഗീകരിച്ചു. എന്നാല്‍, ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുന്നത് താന്‍ കണ്ടുവെന്ന പ്രജീഷിന്റെ മൊഴി മറ്റു സാക്ഷികളുടെ മൊഴികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി കണ്ടെത്തി.

പ്രാദേശിക രാഷ്ട്രീയ കാരണങ്ങളാല്‍ നിരപരാധികളെയോ മറ്റ് പ്രവര്‍ത്തകരെയോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രജീഷ് ശ്രമിച്ചതായും കോടതി നിരീക്ഷിച്ചു.

പ്രജീഷിന്റെ മൊഴി തള്ളിയെങ്കിലും, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ധനരാജിന്റെ അമ്മ സി.വി. മാധവിയുടെയും (രണ്ടാം സാക്ഷി) ഭാര്യ എന്‍.വി. സജിനിയുടെയും (മൂന്നാം സാക്ഷി) മൊഴികള്‍ കോടതി പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തു. വീട്ടിലെ വൈദ്യുത വെളിച്ചത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന ഇവരുടെ മൊഴിയാണ് ഒന്നാം പ്രതി ടി.പി. ബിജു (34), രണ്ടാം പ്രതി എം. വിപിന്‍ (34), മൂന്നാം പ്രതി എം. വൈശാഖ് (31) എന്നിവര്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് 4 മുതല്‍ 20 വരെയുള്ള 16 പ്രതികളെ വെറുതെവിട്ടത്.

‘പാവകളെ’ പോലെ പ്രവര്‍ത്തിച്ച പ്രതികള്‍; പിഴത്തുക കുടുംബത്തിന് നല്‍കാന്‍ ഉത്തരവ്

ഫലസ്തീന്‍ കവി മഹ്‌മൂദ് ദാര്‍വിഷിന്റെ വിഖ്യാതമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിന്യായം ആരംഭിച്ചത് ‘യുദ്ധങ്ങള്‍ അവസാനിക്കും; നേതാക്കള്‍ പരസ്പരം കൈകൊടുക്കും. പക്ഷേ വൃദ്ധയായ അമ്മ മകനായും, യുവതിയായ ഭാര്യ ഭര്‍ത്താവിനായും, കുട്ടികള്‍ അച്ഛനായും കാത്തിരുന്നുകൊണ്ടേയിരിക്കും’. രാഷ്ട്രീയ നേതൃത്വത്തിന്റെ ചരടുവലികള്‍ക്കനുസരിച്ച് തുള്ളുന്ന ‘പാവകള്‍’ മാത്രമാണ് ശിക്ഷിക്കപ്പെട്ട പ്രതികളെന്നും കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു.

ജീവപര്യന്തം കഠിനതടവിന് പുറമെ, വിവിധ വകുപ്പുകളിലായി ആദ്യം 5 വര്‍ഷവും 4 മാസവും തടവ് പ്രത്യേകം അനുഭവിച്ച ശേഷമാണ് പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പിഴയായി ഈടാക്കുന്ന ആകെ 15 ലക്ഷം രൂപ (5 ലക്ഷം രൂപ വീതം) കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കള്‍ക്കും നഷ്ടപരിഹാരമായി നല്‍കാനും, പിഴ അടച്ചില്ലെങ്കില്‍ 5 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, 16 പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്

Tags: CV Dhanaraj Murder Case Verdict, Taliparamba Court Criticism Police, PV Prajeesh First Witness, Payyanur Political Murder, Judge KN Prasanth, Kannur Politics Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക