24
Nov 2026
Tue
24 Nov 2026 Tue

പാലക്കാട് തൃത്താലയിൽ സ്കൂൾ ക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കൊടുമുണ്ട സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർഥി നാടൻ തോക്കുമായി സ്കൂളിലെത്തുകയായിരുന്നു. ക്ലാസ് മുറിയിൽ വെച്ച് തോക്കിൽനിന്ന് സഹപാഠിക്ക് വെടിയേൽക്കുകയായിരുന്നു.

മൂന്ന് തവണയാണ് വിദ്യാർഥി വെടിയുതിർത്തത്. ഇതിൽ ഒരു വെടിയുണ്ട തറയിലും മറ്റൊന്ന് വിദ്യാർഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയുണ്ടയാണ് സഹപാഠിക്ക് പതിച്ചത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലാണ് വെടിയേറ്റത്.

പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വെടിയുണ്ട പുറത്തെടുക്കുന്നതിനായി ശസ്ത്രക്രിയ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പഴക്കമുള്ള ചെറിയ റിവോൾവറാണ് വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നതെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് തൃത്താല പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക