കോഴിക്കോട് (താമരശ്ശേരി): നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ അടിവാരം–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ.കെ. അനീഷ് (കുട്ടൻ – 38), ക്ലീനർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ പി.എസ്. സജിത്ത് (അക്കു – 24) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
|
നരിക്കുനിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പുതുപ്പാടി സ്വദേശിനിയായ ദലിത് യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതികൾ ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതിയുടെ കുടുംബവുമായി ഇവർക്ക് അടുത്ത പരിചയമുണ്ടായിരുന്നു.
മയക്കുമരുന്ന് നൽകി ലോഡ്ജിലെത്തിച്ചു; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ
പൊലീസിന് യുവതി നൽകിയ മൊഴി പ്രകാരം കഴിഞ്ഞ ഏപ്രിലിലാണ് പീഡനപരമ്പരയ്ക്ക് തുടക്കമായത്:
-
ആദ്യപീഡനം ലോഡ്ജിൽ: നരിക്കുനിയിലെ ജോലിസ്ഥലത്തുനിന്ന് വൈകിട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ, പിതാവിന്റെ സുഹൃത്തുക്കളായ പ്രതികൾ കാറിലെത്തി സമീപിക്കുകയായിരുന്നു. പരിചയമുള്ളവരായതിനാൽ സംശയമൊന്നും തോന്നാതിരുന്ന യുവതി കാറിൽ കയറിയതോടെ പ്രതികൾ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ നഗ്നഫോട്ടോകളും വീഡിയോയും പകർത്തുകയും ചെയ്തു.
-
നിർത്തിയിട്ട ബസിനുള്ളിൽ ആവർത്തിച്ചുള്ള അതിക്രമം: പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കി. ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ബസിൽ കയറ്റിക്കൊണ്ടുപോയി അടിവാരത്തെ ആൾപ്പെരുമാറ്റം കുറഞ്ഞ ഇടങ്ങളിലും താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്തെ ഒറ്റപ്പെട്ട പ്രദേശത്തും ബസ് നിർത്തിയിട്ട് ഷട്ടർ താഴ്ത്തിയ ശേഷം ഇരുവരും പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്.
കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന; അന്വേഷണം ഊർജിതം
പ്രതികളായ അനീഷിനും സജിത്തിനും പുറമേ കണ്ടാലറിയാവുന്ന മറ്റു ചിലരും തന്നെ ഉപദ്രവിച്ചതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാസങ്ങളോളം നീണ്ട ശാരീരിക–മാനസിക പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും തുടർന്ന് കാക്കൂർ പൊലീസിലും നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പീഡനം നടന്ന ലോഡ്ജിലും ബസിലും തെളിവെടുപ്പ് നടത്താനും കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞ് ഉടൻ പിടികൂടാനുമുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
Tags: Thamarassery Gang Rape Case, Kozhikode Crime News, Private Bus Employees Arrested, Kakkoor Police, Koduvally Police, Kerala Crime News, Malayalam News
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





