|
കല്‍പ്പറ്റ: വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി സംശയം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ 70 ഓളം വിദ്യാര്‍ഥികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ ചികിത്സിക്കുന്നത്.
ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.



