23
Feb 2023
Sun
23 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ തലപ്പത്ത് നില്‍ക്കുന്ന ആഴ്‌സണലിനെ വീഴ്ത്തി എവര്‍ട്ടണ്‍. പുതിയ കോച്ചിന് കീഴിലിറങ്ങിയ എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. 60ാം മിനിറ്റില്‍ ടര്‍കോവസ്‌കിയാണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ എവര്‍ട്ടണ്‍ റെലഗേഷന്‍ സോണില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ടു. തോറ്റെങ്കിലും ഗണ്ണേഴ്‌സ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തി. ലിവര്‍പൂള്‍ ലീഗില്‍ 10ാം സ്ഥാനത്ത് തുടരുകയാണ്. ലീഗിലെ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. വോള്‍വ്‌സ് 15ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണ്‍ ബേണ്‍മൗത്തിന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആറാം സ്ഥാനത്തെത്തി. സ്താംപടണിനെ വീഴ്ത്തി ബ്രിന്റ്‌ഫോഡ് ഏഴാം സ്ഥാനത്തെത്തി.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 2-1ന് പരാജയപ്പെടുത്തി. കോച്ച് എറിക് ടെന്‍ ഹാഗിന് കീഴിലുള്ള തേരോട്ടം ചെകുത്താന്‍മാര്‍ തുടരുകയായിരുന്നു. ഗോള്‍ മെഷീന്‍ റാഷ്‌ഫോഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് റെഡ്‌സിനായി സ്‌കോര്‍ ചെയ്തത്. കസിമറോ 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.