22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതസജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 38ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും 64ാം മിനിറ്റിൽ മലയാളി താരം കെ.പി രാഹുലുമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്. അബ്ദുനാസർ അൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വല കുലുക്കിയത്.

ആദ്യപകുതിയിൽ ഇരുടീമുകളും ഓരോഗോളുകൾ വീതം നേടിയാണ് പിരിഞ്ഞത്. രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ചെന്നെയിൻ മത്സരത്തിൽ ലീഡെടുത്തു.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം വിക്ടർ മോംഗിലിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്യുന്നതിൽ മോംഗിൽ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത ഖയാത്തി രണ്ട് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചു പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു.

തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സമ്പൂർണ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് ഫലം കണ്ടു. 38ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഗോളിലൂടെ മഞ്ഞപ്പട സമനില പിടിച്ചു. സഹലിന്റെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ലൂണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് മഴവില്ലുപോലെ പന്തിനെ തൊടുത്തുവിട്ടു.