22
Feb 2023
Sat
22 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. മാർച്ച് 10 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്. അപേക്ഷകർ 2023 മാർച്ച് പത്തിനോ അതിനു മുൻപോ അനുവദിച്ചു കിട്ടിയ മെഷീൻ റീഡബിൾ പാസ്‌പോർട്ട് കൈവശം ഉള്ളവരായിരിക്കണം. പാസ്‌പോർട്ടിന് ചുരുങ്ങിയത് 2024 ഫെബ്രുവരി മൂന്നാം തീയതി വരെയെങ്കിലും സാധുത ഉള്ളതായിരിക്കണം. അപേക്ഷകർ അംഗീകൃത കൊവിഡ്-19 വാക്‌സിൻ ഡോസുകൾ നിർബന്ധമായും എടുത്തിരിക്കണം. അപേക്ഷകൻ പാസ്പോർട്ടിന്റെ ആദ്യ പേജും അവസാന പേജും, വെള്ള പശ്ചാത്തലമുള്ള ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, കവർ ഹെഡിന്റെ റദ്ദാക്കിയ ചെക്കിന്റെ കോപ്പി, അഡ്രസ് പ്രൂഫിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

https://hajcommittee.gov.in/haf23/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയ്ക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടില്ല. കേരളത്തിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ പുറപ്പെടൽ കേന്ദ്രങ്ങളാണ്. മുൻഗണനാ ക്രമത്തിൽ രണ്ട് എംബാർക്കേഷൻ പോയന്റുകൾ അപേക്ഷയിൽ രേഖപ്പെടുത്തണം.