എറണാകുളം: ഭീകരനിയമങ്ങൾ അടിച്ചേല്പിച്ചു വേട്ടയാടപ്പെടുന്ന സാഹചര്യം വ്യാപകമായ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂട ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ ജനകീയ കൂട്ടായ്മ ഉയർന്നു വരണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ഇ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. മൈനോറിറ്റി റൈറ്റ്സ് വാച്ച് സംഘടിപ്പിച്ച അഡ്വ. ശാഹിദ് അസ്മി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഹിദ് അസ്മിയുടെ രക്ത സാക്ഷ്യത്തിൽ നിന്നും ഊർജം നേടി നമ്മൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
|
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരിൽ ശബ്ദമുയർത്തുന്നവർ രാജ്യത്ത് വ്യാപകമായി വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയും കള്ളക്കേസെടുത്ത് ജയിലിലടക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവർക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകരെ പോലും ഭരണകൂടം വേട്ടയാടുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ.തുഷാർ നിർമൽ സാരഥി പറഞ്ഞു. സുജാഭാരതി, അഡ്വ.സഹീർ മനയത്ത്, അഡ്വ. അബ്ദുൽ ബാസിത് , റാസിഖ് റഹീം, എ എം നദ്‌വി എന്നിവർ സംസാരിച്ചു.



