|
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ലാസില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി.ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മൂന്നാം ക്ലാസുകാരന്റെ കരണത്താണ് അധ്യാപിക അടിച്ചത്.
ടീച്ചര്‍ ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്‌ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കിയിരുന്നു.ശബ്ദമുണ്ടാക്കിയത് താനാണെന്ന് പറഞ്ഞ് ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന അധ്യാപിക കുട്ടിയുടെ കരണത്തടിക്കുകയായിരുന്നു.
വൈകിട്ട് അമ്മയെത്തിയപ്പോള്‍ ടീച്ചര്‍ അടിച്ച കാര്യം കുട്ടി പറയുകയായിരുന്നു. വേദന മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.



