22
Feb 2023
Tue
22 Feb 2023 Tue

കൽപ്പറ്റ: ഇടതു ഭരണത്തിൽ ആൾകൂട്ട അക്രമണങ്ങൾ വ്യാപകമാകുന്നതായും ആദിവാസി യുവാവ് വിശ്വനാഥന് നേരേ നടന്ന ആൾക്കൂട്ട അക്രമവും ദുരൂഹ മരണവും ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ആൾക്കൂട്ട അക്രമത്തിന് ഇരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത കൽപ്പറ്റ അഡ്‌ലെയ്‌ഡ്‌ പാലവയൽ കോളനിയിലെ വിശ്വനാഥന്റെ വീട്‌ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ട് പോലും ഇതുവരെ ഒരാളെ പോലും പിടികൂടാനാകാത്തത് പൊലീസിൻ്റെ കഴിവുകേടുകൊണ്ടല്ല. മറിച്ച് ഇരയായത് ആദിവാസി വിഭാഗമായതുകൊണ്ടാണ്. കേസിൻ്റെ തുടക്കം മുതൽ പൊലീസിൻ്റേത് അഴകൊഴമ്പൻ സമീപനമായിരുന്നു. വിശ്വനാഥന്റെ സഹോദരൻ വിനോദ് കേസ് നൽകാൻ ചെന്നപ്പോൾ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്.

യാതൊരു തെളിവുമില്ലാതെ മോഷണക്കുറ്റം ആരോപിച്ചാണ് വിശ്വനാഥന് നേരേ ആൾക്കൂട്ട അക്രമമുണ്ടായത്. ഇതേ ആരോപണം ഉന്നയിച്ചാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. അതിലെ പ്രതികളെ സർക്കാർ സംരക്ഷിച്ചതിനാലാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്. ആദിവാസികൾക്കു നേരേ കേരളത്തിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ ലജ്ജാകരമാണ്. കേരളം ഇതുവരെ ആർജ്ജിച്ചെടുത്തു എന്നവകാശപ്പെടുന്ന സാമൂഹിക പുരോഗതിയുടെ പൊള്ളത്തരമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്. ദലിതുകളെയും ആദിവാസികളെയും അക്രമിച്ചാൽ പ്രതികളെ സംരക്ഷിക്കാൻ ഇടതു സർക്കാർ ഒപ്പമുണ്ടാകും എന്ന ധാരണ കേരളസമൂഹത്തിൽ വ്യാപിച്ചു. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾക്ക് സമാനമാണ് കേരളത്തിൽ ആദിവാസി വിഭാഗത്തിന് നേരേ നടക്കുന്ന ആൾക്കൂട്ട അക്രമണങ്ങൾ.

വിശ്വനാഥൻ കേസിലെ മുഴുവൻ പ്രതികളെയും കേസിൽ അനാസ്ഥ കാണിച്ച മുഴുവൻ ഉദ്യാഗസ്ഥരെയും എസ് സി എസ് ടി അട്രോസിറ്റി അക്ട് പ്രകാരം കേസെടുക്കണം. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. കുടുംബത്തിന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചത് വഴി ആദിവാസി വിഭാഗത്തെ സർക്കാർ വീണ്ടും ആക്ഷേപിച്ചിരിക്കുകയാണ്. കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം നൽകണമെന്നും വിശ്വനാഥൻ്റെ ഭാര്യ ബിന്ദുവിന് സർക്കാർ ജോലി നൽകണമെന്നുമാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നതെന്നും കൃഷ്ണൻ എരഞ്ഞിക്കൽ പറഞ്ഞു.

എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ്, വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ജനറൽ സെക്രട്ടറി ടി നാസർ കൽപറ്റ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി കെ കെ ഷമീർ മണ്ഡലം കൽപറ്റ കമ്മിറ്റിയംഗം കെ റസാഖ്എന്നിവർ അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു.