പാരിസ്: പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തിയ മല്‍സരത്തില്‍ നെയ്മര്‍ ജൂനിയറിന് പരിക്ക്. ഫ്രഞ്ച് ലീഗ് വണ്ണില്‍ ലില്ലെയ്‌ക്കെതിരേ മികച്ച ഫോമില്‍ കളിച്ച താരം ഒരു ഗോള്‍ നേടുകയും ഒരു അസിസ്റ്റ് ഒരുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരിക്കേറ്റത്. മാര്‍ച്ച് ഒമ്പതിന് ബയേണിനെതിരേ ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറിന് ഇറങ്ങുന്ന പിഎസ്ജിക്ക് നെയ്മറിന്റെ പരിക്ക് കനത്ത തിരിച്ചടിയാവും. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റുകള്‍ക്ക് ശേഷമാണ് നെയ്മറിന് പരിക്കേറ്റത്. കണങ്കാലിന്റെ പരിക്കിനെ തുടര്‍ന്ന് താരത്തെ സ്ട്രച്ചറിലാണ് കൊണ്ടുപോയത്. നെയ്മറിന്റെ പരിക്ക് സാരമുള്ളതാണെന്നും താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നുമെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പിഎസ്ജി താരമായ ന്യൂനോ മെന്റിസും പരിക്കേറ്റ് പുറത്തായിരുന്നു.
|
ലില്ലെയ്‌ക്കെതിരേ 4-3ന്റെ ജയമാണ് ടീം നേടിയത്. പിഎസ്ജിയുടെ വിജയഗോള്‍ നേടിയത് സൂപ്പര്‍ താരം മെസ്സിയാണ്. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് ഏഴാക്കി വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 11, 87 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. നെയ്മറിന്റെ ഗോള്‍ 17ാം മിനിറ്റിലും മെസ്സിയുടെ വിജയഗോള്‍ ഇഞ്ചുറി ടൈമിലുമായിരുന്നു.



