23
Feb 2023
Tue
23 Feb 2023 Tue

ഹൈദരാബാദ്: തെരുവുനായകളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമാബാദിൽ കഴിഞ്ഞദിവസമാണ് സംഭവം. പ്രദീപ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ് സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന സ്ഥാപനത്തിലേക്ക് സംഭവദിവസം കുട്ടിയും പോയിരുന്നു. സ്ഥാപന പരിസരത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയുടെ നേർക്ക് മൂന്ന് നായ്ക്കൾ പാഞ്ഞുവരികയും വളയുകയുമായിരുന്നു. പരിഭ്രാന്തനായ കുട്ടി ഓടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ ആക്രമിക്കുകയായിരുന്നു.

കുട്ടി രക്ഷപ്പെടാൻ പാടുപെടുമ്പോൾ നായ്ക്കൾ ആക്രമണം തുടരുകയായിരുന്നു. ദേഹമാസകലം കടിച്ചുപറിച്ച നായ്ക്കൾ കുട്ടിയെ ഒരു മൂലയിലേക്ക് വലിച്ചിഴച്ചുകൊണ്ടിടുകയും ചെയ്തു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുള്ള കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നിസാമബാദിലെ സംഭവം. നേരത്തെ, ജനുവരിയിൽ ബീഹാറിലെ അറായിൽ തെരുവുനായ കടിച്ചതിനെ തുടർന്ന് 80 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.