28
Mar 2023
Mon
28 Mar 2023 Mon

ന്യൂഡൽഹി: രാത്രികാല യാത്രകൾക്ക് മാർഗനിർദ്ദേശവുമായി റെയിൽവേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിർദ്ദേശങ്ങളാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോ ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്നതടക്കമുള്ള നിരവധി നിയമങ്ങളാണ് ഇനിമുതൽ പാലിക്കേണ്ടത്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ രാത്രികാല യാത്രാ മാർഗനിർദ്ദേശങ്ങൾ
1. രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടിടിഇക്ക് വരാൻ കഴിയില്ല

2. കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർ രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തിൽ ആശയവിനിമയം നടത്താൻ പാടില്ല

3. 10ന് ശേഷം മിഡിൽ ബെർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തുകാരൻ അനുവദിക്കേണ്ടതാണ്

4. ട്രെയിൻ സർവീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10ന് ശേഷം നൽകാനാകില്ല. എന്നിരുന്നാലും, ഇകാറ്ററിങ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിൽ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്

5. രാത്രി 10ന് ശേഷം സീറ്റിലോ കമ്പാർട്ട്‌മെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈലിൽ സംസാരിക്കാൻ പാടില്ല

6. ഒരു യാത്രക്കാരനും ഉച്ചത്തിൽ പാട്ടുകൾ കേൾക്കാൻ പാടില്ല

7. രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകൾ ഓൺ ആക്കാൻ പാടില്ല

8. ട്രെയിനുകളിൽ പൊതുമര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഉടനടി ഇടപെടാനും ഓൺബോർഡ് ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

9. പുകവലി, മദ്യപാനം തുടങ്ങി തീവണ്ടി കമ്പാർട്ട്‌മെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവൃത്തിയും അനുവദനീയമല്ല

10. കത്തുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതും റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധമാണ്