റിയാദ്: സൗദി അറേബ്യയുടെ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ലാഭത്തില്‍ 2022ല്‍ 46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. റഷ്യയുടെ യുക്രയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് സൗദി അരാംകോയുടെ എണ്ണകയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായതും ലാഭം വര്‍ധിക്കാന്‍ കാരണമായതും.
|
2021ല്‍ 110 ബില്യന്‍ ഡോലറായിരുന്നു സൗദി അരാംകോയുടെ അറ്റാദായം. 2022ല്‍ ഇത് 161.07 ബില്യന്‍ ഡോളറായാണ് വര്‍ധിച്ചത്. ആപ്പിള്‍ കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഇതോടെ സൗദി അരാംകോ മാറി. ഉയര്‍ന്ന ക്രൂഡോയില്‍ വിലയും വില്‍പ്പനയിലെ വര്‍ധനവും ആണ് കമ്പനിയുടെ ലാഭം കൂടാനുള്ള മറ്റൊരു കാരണമെന്ന് സൗദി അരാംകോ വ്യക്തമാക്കി.
ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള ഒപെക് തീരുമാനത്തെ തുടര്‍ന്ന് 2023ലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപോര്‍ട്ട്. നേരത്തെ യമനില്‍ നിന്ന് ഹൂഥി വിമതര്‍ നടത്തിയ ആക്രമണത്തില്‍ സൗദിയുടെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചിരുന്നു. ഹൂഥികള്‍ക്ക് ഇറാനാണ് പിന്തുണ നല്‍കുന്നതെന്ന് സൗദി ആരോപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനും സൗദിയും നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സൗദി അരാംകോയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് കരുതുന്നത്. 2016ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.





