15
Mar 2023
Sun
15 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനന്തവാടി: വയനാട്ടില്‍ ഗാനമേളയ്ക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രക്ഷപ്പെട്ടോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മാനന്തവാടി തലപ്പുഴ ഗോദാവരി കോളനിയിലെ കോട്ടക്കുന്നിലാണ് സംഭവം. ഉത്സവം കാണാനെത്തിയ പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോബിഷ് (24) ആണ് മരിച്ചത്.

 

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ജോബിഷും സുഹൃത്തുക്കളുമായിരുന്നു ഗാനമേള കാണാന്‍ പോയത്. ഗാനമേളയ്ക്കിടെ പ്രശ്നങ്ങളുണ്ടായതോടെ എല്ലാവരും പല വഴിക്കായി ഓടുകയായിരുന്നു. തുടര്‍ന്ന് ജോബിഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്നവര്‍ ഫോണ്‍ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് ക്ഷേത്ര വഴിയ്ക്ക് സമീപം ആള്‍മറയില്ലാത്ത കിണറ്റിനുള്ളില്‍ ജോബിഷിനെ കണ്ടെത്തിയത്.

ഉടന്‍ തന്നെ ജോബിഷിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. ജോണിയുടെയും ലില്ലിയുടേയും മകനാണ് ജോബിഷ്. റോബിനാണ് സഹോദരന്‍.