കൊച്ചി: ദേവികുളം എംഎൽഎ എ രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. രാജയുടെ നാമനിർദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളല്ല രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.
|
രാജയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കോൺഗ്രസ് സ്ഥാനാർത്ഥി ഡി കുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി സോമരാജനാണ് വിധി പ്രസ്താവിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണ്. ഉത്തരവിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കർക്കും സംസ്ഥാന സർക്കാരിനും കൈമാറാനും കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് അടക്കമുള്ള തെറ്റായ രേഖകൾ സമർപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുമാർ കോടതിയെ സമീപിച്ചത്. ക്രിസ്തുമത വിശ്വാസികളായ അന്തോണിഎസ്തർ ദമ്പതികളുടെ മകനായ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണ്. രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണ്. ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നും ഡി കുമാർ വാദിച്ചു.
എ രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോയും പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ച ദമ്പതിമാരാണ് രാജയുടെ മാതാപിതാക്കളെന്നും കുമാർ ചൂണ്ടിക്കാട്ടി. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതോടെ, നിയമസഭയിൽ എൽഡിഎഫ് അംഗബലം 98 ആയി കുറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





