15
Mar 2023
Thu
15 Mar 2023 Thu

ലിസ്ബൺ: തന്റെ ആദ്യ തട്ടകങ്ങളിലൊന്നായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ അടുത്തിടെ കോച്ചുമായുണ്ടായ അഭിപ്രായഭിന്നതയെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഇതിനിടെ ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് ടീമിലും അദ്ദേഹം അവഗണിക്കപ്പെട്ടു. നായകനും ടീമിലെ ഏറ്റവും മികച്ച താരവുമായിരുന്നിട്ടും ബെഞ്ചിലിരിക്കേണ്ടിവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡിനരികെ നിൽക്കെയാണ് ക്രിസ്റ്റ്യാനൊ റൊണാൾഡൊയുടെ തുറന്നുപറച്ചിൽ. 196 മത്സരങ്ങളാണ് ഇതുവരെ പോർച്ചുഗലിനായി ക്രിസ്റ്റ്യാനൊ കളിച്ചത്. നിലവിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ യോഗ്യത റൗണ്ടിൽ കളിക്കാനൊരുങ്ങുകയാണ് അദ്ദേഹം. മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തിൽ യുണൈറ്റഡിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിപരമായും ഫുട്‌ബോൾ ജീവിതത്തിലും നേരിട്ട മാനസിക സമ്മർദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘ജീവിതത്തിൽ പശ്ചാത്തപിച്ചിരിക്കാൻ സമയമില്ല. നല്ല ഫലങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാണ്. നമ്മൾ പർവതത്തിന്റെ മുകളിലായിരിക്കുമ്പോൾ, താഴെ എന്താണെന്ന് കാണാൻ പ്രയാസമാണ്. പലപ്പോഴും എനിക്ക് അതിന് സാധിച്ചില്ല. പക്ഷെ ഇപ്പോൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്. ഞാൻ ഇപ്പോൾ ഒരു നല്ല മനുഷ്യനാണ്- ക്രിസ്റ്റ്യാനൊ പറഞ്ഞു.

‘എന്ത് സംഭവിച്ചാലും അതിന് പിന്നിൽ ഒരു കാരണമുണ്ടാകും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്ന് പോയപ്പോൾ ആരോക്കെ കൂടെയുണ്ടാകുമെന്ന് അറിയാൻ സാധിച്ചു. ജീവിതത്തിന്റെ ഒരു നല്ല കാലഘട്ടമായിരുന്നില്ല എനിക്ക് അത്. വ്യക്തിപരമായും കരിയർപരമായും- താരം കൂട്ടിച്ചേർത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക