21
Mar 2023
Fri
21 Mar 2023 Fri

ബ്യൂണസ് അയേഴ്സ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന സമകാലിക ഫുട്‌ബോളറായി അർജന്റീനയുടെ ലയണൽ മെസി. സൗഹൃദ മത്സരത്തിൽ പാനമയ്‌ക്കെതിരെ ഗോൾ നേടിയാണ് മെസി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം അർജൻറീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പാനമയെ തോൽപിച്ചു. തിയാഗോ അൽമാഡയായിരുന്നു മറ്റൊരു ഗോൾ സ്‌കോറർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് അർജന്റീന വിജയഗോൾ കണ്ടെത്തിയത്. 78-ാം മിനിറ്റിൽ അൽമാഡയും 89-ാം മിനിറ്റിൽ ലയണൽ മെസിയും ഗോൾ നേടി.

ഫ്രീ കിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോൾ പൂർത്തിയാക്കിയത്. ബോക്സിന് പുറത്തുനിന്നുള്ള അത്യുഗ്രൻ മഴവിൽ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസിയുടെ വലകുലുക്കൽ.

78-ാം മിനിറ്റിൽ പിറന്ന ഗോളിന് പിന്നിലും മെസിയുടെ ഫ്രീകിക്കായിരുന്നു. 77-ാം മിനിറ്റിൽ മെസി എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിൽ കൊണ്ട് തിരികെ എത്തി. ഇത് അൽമാഡ ഗോളാക്കി മാറ്റുകയായിരുന്നു.

828 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്.

എന്നാൽ അർജൻറീനയുടെ എക്കാലത്തേയും ഗോൾസ്‌കോററായ മെസിക്ക് ആൽബിസെലസ്റ്റെ കുപ്പായത്തിൽ 100 ഗോളുകൾ എന്ന നേട്ടത്തിലേക്ക് ഇനിയും കാത്തിരിക്കണം. പാനമയ്‌ക്കെതിരെ ഇറങ്ങുമ്പോൾ 98 ഗോളുകളുണ്ടായിരുന്ന മെസിയുടെ നേട്ടം 99ലെത്തി. പാനമയ്‌ക്കെതിരെ ഇരട്ട ഗോൾ നേടിയാൽ അന്താരാഷ്ട്ര കരിയറിൽ 100 ഗോളിലെത്തുന്ന മൂന്നാമത്തെ താരമാകുമായിരുന്നു മെസി. 109 ഗോളുമായി അലി ദേയിയും 120 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് മെസിക്ക് മുന്നിൽ.