01
Apr 2023
Fri
01 Apr 2023 Fri

റിയാദ്: ഫ്രാന്‍സിന് യൂറോ കപ്പും ലോകകപ്പും നേടിക്കൊടുത്ത നായകനായും റയല്‍മാഡ്രിഡിന് ഹാട്രിക് ചാംപ്യന്‍സ് ലീഗും ലാലിഗയും അടക്കമുള്ള കിരീടങ്ങള്‍ നേടിക്കൊടുത്ത കോച്ചായും ഇതിഹാസമായി മാറിയ സിനദിന്‍ സിദാന്‍ സൗദി ക്ലബ്ബായ അല്‍ നസ്‌റിലേക്കെന്ന് റിപ്പോര്‍ട്ട്. അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയെ കഴിഞ്ഞ ദിവസം ക്ലബ്ബില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡില്‍ പരിശീലിപ്പിച്ച സിദാന് താരത്തോടൊപ്പം അല്‍ നസറില്‍ ബന്ധം പുനഃസ്ഥാപിക്കാനാകുമെന്നും താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി ക്ലബ്ബിനെ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിക്കാനാകുമെന്നുമാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

സൗദി അറേബ്യന്‍ ക്ലബ്ബിന്റെ പരിശീലകനാകുമെന്ന വിഷയത്തില്‍ സിദാന്‍ പ്രതികരിച്ചിട്ടില്ല. സിദാന് പുറമെ എ.എസ് റോയുടെ ഹോസെ മൊറീഞ്ഞോയെയും പുതിയ പരിശീലക സ്ഥാനത്തേക്ക് അല്‍ നസര്‍ ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ സംതൃപ്തനല്ലെന്ന കാരണത്താലാണ് അല്‍ നസര്‍ അദ്ദേഹത്തെ പുറത്താക്കിയത്. സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം അല്‍ ഫെയ്ഹക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തില്‍ സമനില വഴങ്ങിയതിനെ തുടര്‍ന്ന് ഗാര്‍ഷ്യ താരങ്ങളോട് അതിരുവിട്ട് സംസാരിച്ചിരുന്നെന്നും അത് റോണോയെ ചൊടിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിദാന്റെ പരിശീലനത്തിന് കീഴില്‍ റൊണാള്‍ഡോക്ക് മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്താന്‍ സാധിച്ചിരുന്നു. 114 മത്സരങ്ങളില്‍ നിന്ന് 112 ഗോളും 30 അസിസ്റ്റുകളുമാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സഹായത്തോടെ റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 2021ല്‍ റയല്‍ മാഡ്രിഡ് വിട്ട സിദാന്‍ രണ്ടുവര്‍ഷമായി പരിശീലന കുപ്പായത്തിലില്ല. ഇതിനിടെ ഫ്രാന്‍സ്, ബ്രസീല്‍ ദേശീയടീമുകളിലേക്ക് സിദാന്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും നടന്നില്ല. പി.എസ്.ജിയുടെയോ ചെല്‍സിയുടെയോ പരിശീലകനായി സിദാന്‍ സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നെങ്കിലും നിലവില്‍ അദ്ദേഹം ഒരു ക്ലബ്ബിന്റെയും ഭാഗമല്ല.

പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഇതിഹാദിനെക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് അല്‍ നസറിനുള്ളത്. 23 മത്സരത്തില്‍ നിന്നും 16 ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക