കോഴിക്കോട്: നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
|
ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. സുഹ്‌റയാണ് ഭാര്യ. മക്കൾ മുഹമ്മദ് നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു മാമുക്കോയയുടെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം ജ്യേഷ്ഠന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം. പഠനകാലത്ത് സ്‌കൂളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.
കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയയുടെ സ്വഭാവ നടനിലേക്കുള്ള മാറ്റവും വിസ്മയിപ്പിക്കുന്നതായിരുന്നു. മലയാളികള്‍ക്ക് ഓര്‍മിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഓര്‍മയാകുന്നത്.





