മലപ്പുറം: തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസ്സ് മലപ്പുറം ജില്ലയില്‍ മെയ് ഒമ്പത് മുതല്‍ 14 വരെ നടക്കും. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മണ്ഡലങ്ങളായ പൊന്നാനി, തവനൂര്‍, വളളിക്കുന്ന്, താനൂര്‍, തിരൂരങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലാണ് തീരദേശ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.
|
അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ തീരസദസ്സില്‍ വച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. തീരദേശ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയില്‍ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദര്‍ശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
മെയ് ഒമ്പതിന് പൊന്നാനി മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയോടെ ജില്ലയില്‍ തീരസദസ്സുകള്‍ക്ക് തുടക്കമാവും. ഒമ്പതിന് വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെ പൊന്നാനി എം.ഇ.എസ് കോളജിലാണ് തീരദേശ സദസ്സ് നടക്കുന്നത്.
തവനൂര്‍ മണ്ഡലത്തിലുള്ളവര്‍ക്കായി മെയ് 10ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടിലും വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി മെയ് 10ന് ഉച്ചയ്ക്ക് 3.30 മുതല്‍ രാത്രി 7 വരെ ആനങ്ങാടി ഡാസല്‍ ഓഡിറ്റോറിയത്തിലും താനൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി മെയ് 11ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ താനൂര്‍ ഫിഷറീസ് സ്‌കൂളിലും തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് മെയ് 11ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഏഴ് വരെ പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസിലും തിരൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി മെയ് 14ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പറവണ്ണ ജി.വി.എച്ച്.എസ്.എസില്‍ വച്ചുമാണ് തീരദേശ സദസ്സുകള്‍ നടക്കുക.





