18
May 2023
Sat
18 May 2023 Sat

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്ന്. കാൻറർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 ന് തുടങ്ങും. പാരമ്പര്യവും പുതുമയും നിറയുന്ന ചടങ്ങുകളാണ് ചാൾസിന്റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാർ എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങുകൾ നടക്കുന്ന വെസ്റ്റ് മിനിസ്റ്റർ ആബിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷം പേർ ചടങ്ങളിൽ പങ്കെടുക്കാൻ എത്തും എന്നാണ് വിലയിരുത്തൽ. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അത് പ്രകാരമാണ് ഇന്നത്തെ ചടങ്ങുകൾ.

വെസ്റ്റ് മിൻസ്റ്റർ ആബെയിലാണ് കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്.വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാൾസിന്റേത്.

കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിലാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിതാ ബിഷപ്പ് റൈറ്റ് റവരന്റ് ഗുലി ഫ്രാൻസിസ് ദഹ്ക്വാമി സഹ കാർമ്മികത്വം വഹിക്കും. പ്രധാന മന്ത്രി ഋഷി സുനക്കിനാണ് ബൈബിൾ വായിക്കാനുള്ള അവസരം. ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ അണിയിക്കുന്നതും രാജസിംഹാസനത്തിൽ അവരോധിക്കുന്നതുമാണ് പ്രധാന ചടങ്ങുകൾ.എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി 1300 ൽ നിർമ്മിച്ച സിംഹാസനമാണ് ഉപയോഗിക്കുക. ഓക്ക് തടിയിൽ തീർത്ത 700 വർഷം പഴക്കമുള്ള സിംഹാസനത്തിന്റെ നവീകരണം പൂർത്തിയായിക്കഴിഞ്ഞു. സ്‌കോട്ട്ലൻഡ് രാജവംശത്തിൽ നിന്നും എഡ്വേഡ് ഒന്നാമൻ സ്വന്തമാക്കിയ ‘സ്റ്റോൺ ഓഫ് ഡെസ്റ്റിനി’ എന്ന കല്ലുപതിച്ചതാണ് ഈ സിംഹാസനം.

സിംഹാസനത്തിൽ ചാൾസ് ഉപവിഷ്ടനാകുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുന്നത്. കുരിശും രത്നങ്ങളും പതിപ്പിച്ച അംശവടിയും വജ്രമോതിരവും ആർച്ച ബിഷപ്പ് ചടങ്ങിൽ വച്ച് രാജാവിന് കൈമാറും. തുടർന്ന് രാജകിരീടം തലയിലണിയുന്നതോടെ ബ്രിട്ടന്റെ പരമാധികാരിയായി ചാൾസ് മൂന്നാവൻ വാഴ്ത്തപ്പെടും.ചടങ്ങുകൾക്ക് ശേഷം ചാൾസും കാമിലയും ഘോഷയാത്രയുടെ അകമ്പടിയോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് മടങ്ങും. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള ഏഴായിരത്തോളം സൈനിക ട്രൂപ്പുകളാണ് പരേഡിൽ പങ്കെടുക്കുന്നത്.

രാജകുടുംബവുമായി അകന്നുകഴിയുന്ന ചാൾസിന്റെ ഇളയമകൻ ഹാരി ചടങ്ങിനെത്തും. ഭാര്യ മേഗൻ മെർക്കലിനൊപ്പമായിരിക്കും ഹാരി എത്തുക. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിട്ടുണ്ട്.