01
May 2023
Sat
01 May 2023 Sat

ജിദ്ദ: മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും തീവ്രവാദികളെയും കുറിച്ച് എല്ലാവരും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു. ഛിദ്രതയുണ്ടാക്കാൻ ശ്രമിച്ചും അപകീർത്തിപ്പെടുത്തിയും ദേശീയൈക്യത്തിൽ നിന്ന് വ്യതിചലിക്കുന്ന എല്ലാവരെയും കുറിച്ച് റിപ്പോർട്ട് ചെയ്യണം. സൗദി രാജ്യം ഇവിടത്തെ പൗരന്മാർക്ക് നൽകുന്ന കാര്യങ്ങൾ വിലകുറച്ചുകാണിക്കാൻ ശ്രമിക്കുന്ന ഏതൊരാളും ഒന്നുകിൽ രോഗിയോ അനുകരണക്കാരനോ ദേഹേച്ഛക്കാരനോ തിരുത്തൽ ആവശ്യമുള്ള ചിന്താഗതിക്കാരനോ ആകും. ഇത്തരക്കാരെ കുറിച്ചും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വർഷത്തെ റമദാനിൽ ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ സൗദി അറേബ്യക്കകത്തും പുറത്തും പങ്കാളിത്തം വഹിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇസ്ലാമികകാര്യ മന്ത്രി.

തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയും, രാഷ്ട്രീയവും ലൗകികവുമായ ലക്ഷ്യങ്ങൾ നേടിയെടുക്കാനും മാതൃരാജ്യത്ത് കലഹങ്ങൾ ആളിക്കത്തിക്കാനും മതത്തെ കൂട്ടുപിടിക്കുന്ന ഏതൊരാൾക്കുമെതിരെയും ഇസ്ലാമികകാര്യ മന്ത്രാലയം ശക്തമായി നിലയുറപ്പിക്കും. ആളുകളെ ദ്രോഹിക്കാൻ വേണ്ടി ഇസ്ലാമിനെ ദുരുപയോഗിക്കുന്ന ആരെയും അംഗീകരിക്കില്ല. ഇസ്ലാമിന്റെ മിതവാദ തത്വങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാമിന്റെ യഥാർഥ ചിത്രം ഉയർത്തിക്കാട്ടുകയും ചെയ്യുന്ന വലിയ പദ്ധതിയാണ് സൗദി അറേബ്യ നിർവഹിക്കുന്നത്.
മയക്കുമരുന്ന് നിയമം മൂലം നിരോധിക്കുകയും വ്യവസ്ഥിതി കുറ്റകരമാക്കുകയും ചെയ്യുന്നു. സുബോധമുള്ള എല്ലാവരും ഇത് നിരാകരിക്കുന്നു. മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും പ്രചരിപ്പിക്കുന്നവരെയും കുറിച്ച് റിപ്പോർട്ട് ചെയ്ത് വളരെ അപകടകരമായ ഈ വിപത്തിനെ നേരിടാൻ എല്ലാവരും സഹകരിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ ശത്രുക്കളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.

യുവാക്കളെ നശിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. മയക്കുമരുന്നിന്റെ കെണിയിൽ നിന്ന് യുവാക്കളെ രക്ഷിക്കാനും മയക്കുമരുന്ന് ചെറുക്കാനും എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം. രാജ്യരക്ഷയും യുവസമൂഹത്തെയും തകർക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സുരക്ഷാ വകുപ്പുകളും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായി നിരീക്ഷിക്കുമെന്നും ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക