ഈ വർഷത്തെ ഹജ്ജ് കർമത്തിന് വെയിറ്റിങ് ലിസ്റ്റിലെ 1170 പേർക്ക് കൂടി അവസരം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട വെയിറ്റിങ് ലിസ്റ്റ് ക്രമനമ്പർ 1 മുതൽ 1170 വരെയുള്ള അപേക്ഷകർക്കാണ് ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്.
|
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിൽ പണമടയ്ക്കേണ്ടതാണ്.
കോഴിക്കോട് എംബാർക്കേഷൻ പോയിന്റായി തിരഞ്ഞെടുക്കപ്പെട്ടവർ 353313 രൂപയും കൊച്ചിയിൽ നിന്ന് പുറപ്പെടുന്നവർ 353967 രൂപയും കണ്ണൂർ എംബാർക്കേഷൻ പോയിന്റ് ആയുള്ളവർ 355506 രൂപയുമാണ് അടയ്ക്കേണ്ടത്. അപേക്ഷാ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ ആ ഇനത്തിൽ 16344 രൂപ അധികമായി അടയ്ക്കേണ്ടതുണ്ട്.
ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ(3.5*3.5 വൈറ്റ് ബാക്ക്ഗ്രൗണ്ട്), പണമടച്ച രസീത്, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കൽ സ്ക്രീനിങ് ആൻഡ‍് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്(സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധരേഖകൾ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ മെയ് 17നകം സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാവുന്നതാണ്.





