22
May 2023
Sat
22 May 2023 Sat

ന്യൂഡൽഹി: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ എംഎസ് ധോണിയുടെ ചെന്നൈക്ക് കൂറ്റൻ വിജയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തപ്പോൾ ഡൽഹിയുടെ ചെറുത്തുനിൽപ്പ് ഒമ്പത് വിക്കറ്റിന് 146 റൺസിൽ അവസാനിച്ചു. ഡൽഹി നിരയിൽ ഡേവിഡ്‌വാർണർ മാത്രമാണ് കാര്യമായ പോരാട്ടം നടത്തിയത്. 58 പന്ത് നേരിട്ട വാർണർ 86 റൺസെടുത്തു. അഞ്ചുസിക്‌സറും ഏഴുബൗണ്ടറിയും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. ഈ വിജയത്തോടെ ചെന്നൈ പ്ലെ ഓഫില്‍ കയറി.

നേരത്തെ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദിന്റെയും ഡെവോൺ കോൺവെയുടെയും കൂട്ടുകെട്ടാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 141 റൺസ് അടിച്ചെടുത്തു. 52 പന്തിൽ നിന്ന് മൂന്ന് സിക്‌സും 11 ഫോറുമടക്കം 87 റൺസെടുത്ത കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 50 പന്തുകൾ നേരിട്ട ഗെയ്ക്‌വാദ് നാല് ഫോറും ഏഴ് സിക്‌സും പറത്തി 79 റൺസെടുത്തു.

ഗെയ്ക്‌വാദ് പുറത്തായ ശേഷമെത്തിയ ശിവം ദുബെ പതിവുപോലെ തകർത്തുകളിച്ചു. ഒമ്പത് പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 22 റൺസെടുത്ത ദുബെ രണ്ടാം വിക്കറ്റിൽ കോൺവെയ്‌ക്കൊപ്പം അതിവേഗം 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുറത്തായത്. തുടർന്നെത്തിയ രവീന്ദ്ര ജഡേജയും വെടിക്കെട്ട് ബാറ്റിങ് തന്നെ പുറത്തെടുത്തു. ഏഴ് പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം ജഡേജ 20 റൺസോടെ പുറത്താകാതെ നിന്നു. നാല് പന്തുകൾ നേരിട്ട ക്യാപ്റ്റൻ ധോനി അഞ്ച് റൺസെടുത്തു.