തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ കുറവ് വരാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. ഇതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലാണ് സീറ്റുകൾ കുറയാൻ സാധ്യത. ഇതുസംബന്ധിച്ച് താലുക്ക് തലത്തിൽ പഠനം നടത്തുമെന്നും എസ്.എസ്.എൽ.സി ജയിച്ച എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
|
കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കും. കഴിഞ്ഞ വർഷം സീറ്റുകളും ബാച്ചുകളും വർധിപ്പിച്ചിരുന്നു. ഇക്കുറിയും സീറ്റുകളും ബാച്ചുകളും വർധിപ്പിക്കാനുള്ള നടപടിയുണ്ടാകും. ഇതിന് മന്ത്രിസഭ യോഗത്തിന്റെ കൂടി അനുവാദം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് അത് നിങ്ങൾ കണ്ടിട്ടുണ്ടോയെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. കാണാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കരുതെന്നും മന്ത്രി മാധ്യമപ്രവർത്തകരെ ഉപദേശിച്ചു.


