മക്ക: മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലെ മദീനയിലെത്തി. തന്റെ യൂടൂബ് പേജിലൂടെ ശിഹാബ് തന്നെയാണ് മദീനയിലെത്തിയ കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുൻപിലുള്ള ചിത്രങ്ങൾ ശിഹാബ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. മദീന സന്ദർശിച്ച ശേഷം ഹജ്ജിന്റെ തൊട്ടുമുൻപ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്.
|
പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സൗദി അതിർത്തി കടന്നത്. യാത്രയിൽ മിക്കയിടത്തും സൗദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവെക്കുന്നുണ്ട്.
6 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഹജ്ജ് കർമ്മം നിർവഹിക്കാനിയിരുന്നില്ല.





