02
Jun 2023
Fri
02 Jun 2023 Fri

ന്യുയോർക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോർക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെ ജോൺ എഫ് കെന്നഡി എയർപോർട്ടിലാണ് സംഘം എത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓർഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.

മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്‌പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് മുതൽ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്ത് വരെ വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര. ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്‌ക്വയറിലെ പൊതു സമ്മേളനവും.

ഇന്ന് പ്രാദേശിക സമയം വൈകീട്ട് ആറരയ്ക്ക് ന്യൂയോർക്കിൽ സൗഹൃദസമ്മേളനത്തോടെ ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് തുടക്കമാകും. നാളെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രാദേശിക സമയം രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കർ ഷംസീർ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.

മാരിയറ്റ് മാർക് ക്വീയിൽ ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നീക്ഷേപകർ, പ്രവാസി മലയാളികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം നടക്കുന്നത്. യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. തുടർന്ന് ജൂൺ 14 ന് ന്യൂയോർക്കിൽ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂൺ 15, 16 തീയതികളിൽ ക്യൂബയും മുഖ്യമന്ത്രി സന്ദർശിക്കും. ഹവാനയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജും ക്യൂബാ സന്ദർശന സംഘത്തിലുണ്ട്

മടക്കയാത്രയിൽ മുഖ്യമന്ത്രി 17നു വൈകിട്ടു ദുബായിൽ ഇറങ്ങും. 18നു വൈകിട്ട് 4.30നു ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം അബുദാബിയിൽ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയിരുന്നു. ഈ മാസം 19 നാണ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുക.