ഭുവനേശ്വർ: ഫിഫ റാങ്ക് പട്ടികയിൽ തങ്ങളെക്കാൾ മുന്നിലുള്ള ലബനാനെ പരാജയപ്പെടുത്തി ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ സ്വന്തമാക്കുമ്പോൾ, ദേശീയ ഫുട്ബോൾ ടീമിന് ഒരുപിടി ബഹുമതികൾ. സമീപകാലചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും തിളക്കമുള്ള കിരീടജയമാണിത്. തുടർച്ചയായ ആറുകളിയിൽ ഗോൾ വഴങ്ങാതെയാണ് ഇന്ത്യ കിരീടം നേടിയതെന്ന സവിശേഷതകൂടിയുണ്ട്. ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനുകീഴിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ കിരീടമാണിത്.
|
സാഫ് കപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കിരീട നേട്ടം നല്ല ആത്മവിശ്വാസം നൽകും. ബംഗളൂരുവിൽ അടുത്തമാസം 21നാണ് സാഫ് കപ്പ് ആരംഭിക്കുന്നത്. ആദ്യമത്സരത്തിൽ പാകിസ്ഥാനാണ് എതിരാളി.
ഇന്നലെ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലബനാനെതിരെ ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി (46), ലാലിയൻ സുവാല ചാങ്തെ (66) എന്നിവരാണ് സ്കോറർമാർ.
രണ്ടും മികച്ച ഗോളുകളായിരുന്നു. യൂറോപ്യൻ നിലവാരത്തിലുള്ള സൂപ്പർ ടീം ഗോൾ ആയിരുന്നു ആദ്യത്തേത്. വലതുപാർശ്വത്തിൽനിന്ന് ആദ്യം പന്തുകിട്ടിയത് മിഡ്ഫീൽഡർ നിഖിൽ പൂജാരിക്ക്. പൂജാരി അത് സൈഡ് ലൈനിനോടുചേർന്ന് ചാങ്തെയ്ക്ക് നൽകി. ചാങ്തെ തന്റെ ട്രേഡ്മാർക്ക് ശൈലിയിൽ ഒന്ന് വട്ടംകറങ്ങി ഡിഫൻഡറുടെ കാലിന്റെ ഇടയിലൂടെ പൂജാരിക്കുതന്നെ ബാക്ക്ഹീൽ ചെയ്തുകൊടുത്തു. പൂജാരി അതുമായി വിങ്ങിലൂടെ മുന്നേറി ബോക്സിലേക്ക് ഒരു ക്രോസ്. കൃത്യമായി പൊസിഷൻചെയ്തുനിന്ന ഛേത്രിക്ക് ഒന്ന് തൊടുകയേ വേണ്ടിവന്നൂള്ളൂ. പിഴയ്ക്കാതെ പന്ത് വലയിൽ. ഇന്ത്യ മുന്നിൽ. ഇന്ത്യക്കുവേണ്ടിയുള്ള ഛേത്രിയുടെ 88-ാം അന്താരാഷ്ട്ര ഗോൾ.
അപ്രതീക്ഷിതഗോളിൽ താളംതെറ്റിയെങ്കിലും തിരിച്ചടിക്കാൻ ലെബനൻ പരിശ്രമിക്കുന്നതിനിടെയായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ അദ്ഭുതം. ലെബനൻ ബോക്സിനുമുന്നിൽനിന്ന് കിട്ടിയ പന്ത് ഛേത്രി ഇടതുബോക്സിലേക്ക് പകരക്കാരൻ മഹേഷ് സിങ്ങിന് തള്ളിക്കൊടുത്തു. ഒരടി മുന്നേറിയ മഹേഷ് ഗോളിലേക്ക് ഒരു ഇടങ്കാലൻ വെടിയുണ്ടപായിച്ചു. ഗോളി വീണ് പന്ത് തടഞ്ഞെങ്കിലും കിട്ടിയത് മുന്നിൽ തക്കംപാർത്തുനിന്ന ചാങ്തെയ്ക്ക്. മുംബൈ സിറ്റിയുടെ ഈ മിസോറംതാരത്തിന് പിഴച്ചില്ല. പന്ത് വലതുളച്ചു. ഇന്ത്യ രണ്ടുഗോളിന് മുന്നിൽ. മലയാളിതാരങ്ങളായ സഹൽ അബ്ദു സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ആദ്യ ഇലവനിൽ കളിച്ചിരുന്നു. മുന്നേറ്റ നിരക്ക് പന്ത് എത്തിക്കുന്നതിൽ ഇരുവരും വിജയിക്കുകയും ചെയ്തു.
1977-ലെ പ്രസിഡന്റ്സ് കപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ലെബനനെ തോൽപ്പിക്കുന്നത്. മംഗോളിയയും വനവതുവും അണിനിരന്ന ടൂർണമെന്റിൽ ഒരൊറ്റ മത്സരവും തോൽക്കാതെ, ഒരൊറ്റ ഗോൾപോലും വഴങ്ങാതെയാണ് ഇന്ത്യ കിരീടമണിയുന്നത്. ചാങ്തെയാണ് കളിയിലെ താരം.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





