21
Jul 2023
Tue
21 Jul 2023 Tue

കൊച്ചി: ‘ഉമ്മയും മോനും’ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമാണ് നൗഫലും ഉമ്മയും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇവരുടെ ജീവിത പശ്ചാത്തലം അറിഞ്ഞതോടെ ഞെട്ടലിലാണ് പ്രേക്ഷകര്‍. യൂട്യൂബിലൂടെ ഉമ്മയുടെയും മകന്റെയും കഥ ഭാഗികമായി എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമെങ്കിലും മരണത്തില്‍ നിന്ന് തിരിച്ചുപിടിച്ച ജീവിതത്തെ കുറിച്ച് ഇപ്പോഴാണ് ഇരുവരും മനസ്സ് തുറന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുത്ത മദ്യപാനിയായ പിതാവിന്റെ മര്‍ദനവും കടുത്ത ദാരിദ്ര്യവും മൂലം ഉമ്മ ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയതും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നതുമാണ് കഥയുടെ ചുരുക്കം.

നൗഫലിന് മൂത്ത സഹോദരിയും ഇളയ സഹോദരിയുമുണ്ട്. മൂത്ത പെങ്ങള് ജനിച്ച് പത്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉമ്മയ്ക്ക് വീണ്ടും വയറുവേദന വന്നുവെന്നും ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും നൗഫല്‍ പറയുന്നു. അങ്ങനെ ഉമ്മ നൗഫലിന് ജന്മം നല്‍കി.

ചെറുപ്പം മുതലേ നൗഫല്‍ കാണുന്നത് മദ്യപിച്ച് എത്തുന്ന ഉപ്പയുടെ ഉപദ്രവങ്ങളാണ്. താമസിക്കാന്‍ വീടോ ഉടുക്കാന്‍ ഡ്രസ്സോ, കഴിക്കാന്‍ ഭക്ഷണമോ ഇല്ല. ദാരിദ്രവും പട്ടിണിയും. ഉപ്പയുടെ ഉപദ്രവവും. അതിനിടയില്‍ നൗഫലിന് ഇളയ ഒരു സഹോദരി കൂടെ ജനിച്ചു. പക്ഷെ ഉപ്പയുടെ ഉപദ്രവത്തിന് കുറവില്ല. അവസാനം ഗതികെട്ട ഉമ്മ മക്കള്‍ മൂന്നിനെയും പുഴയില്‍ മുക്കി കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് നൗഫലിന് അഞ്ച് വയസ്സാണ്. മക്കള്‍ക്കൊപ്പം പുഴയിലേക്ക് ഇറങ്ങിയ ഉമ്മ മുങ്ങി താഴാന്‍ നേരം മകനെ ഒന്ന് നോക്കി. നൗഫല്‍ കഴുത്തോളം വെള്ളത്തില്‍ മുങ്ങി. ഇനി രണ്ട് സ്‌റ്റെപ്പും കൂടെ എടുത്തുവച്ചാല്‍ പൂര്‍ണമായും മുങ്ങി താഴും. അപ്പോള്‍ നൗഫല്‍ നോക്കിയ ആ നോട്ടം ഉണ്ട്, അതില്‍ ഉമ്മ പതറി. മക്കളെയും കൂട്ടി തിരിച്ച് നടന്നു. സ്വന്തം വീട്ടിലേക്ക് പോയി. അവിടെ നാട്ടുകാര്‍ എല്ലാം ചേര്‍ന്ന് ചെറിയ സൗകര്യത്തില്‍ ഒരു വീട് എടുത്ത് നല്‍കി.

അഞ്ചാം ക്ലാസ് മുതല്‍ നൗഫല്‍ പല പണിയ്ക്കും പോയി തുടങ്ങി. ഇറച്ചി വെട്ടാനും കല്ല് എടുക്കാനും, സഹായായിയും എല്ലാം. അതിനൊപ്പം പഠനവും തുടര്‍ന്നു. മറ്റ് പലരും ഉടുത്ത ഡ്രസ്സൊക്കെ ഇട്ടാണ് സ്‌കൂളില്‍ പോകുന്നത്. പത്താം ക്ലാസ് വരെ പണിയെടുത്തും പഠിച്ചും മുന്നോട്ട് പോയി. കഷ്ടപ്പാടിന് ഇടയില്‍ പഠിച്ചിട്ടും മൂന്ന് എ പ്ലസ് നേടിയാണ് നൗഫല്‍ പത്താം ക്ലാസ് പാസായത്. അതിന് ശേഷം പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. മൂന്ന് എ പ്ലസ് നേടിയാണ് നൗഫല്‍ പത്താം ക്ലാസ് പാസായത്.

യൂട്യൂബ് വരുമാനം കൊണ്ടാണ് താന്‍ എല്ലാം നേടിയതെന്ന് നൗഫല്‍ പറയുന്നു. ഉപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഉമ്മയുടെ മുഖത്തെ സങ്കടം അകറ്റിയതും പെങ്ങമ്മാരെ വിവാഹം നടത്തിയതുമെല്ലാം ആ പണം കൊണ്ടാണെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.

 

നൗഫല്‍ വലുതായപ്പോള്‍ ഉപ്പയെ ഡി അഡിക്ഷന്‍ സെന്ററിലാക്കി. അതിനിടയിലാണ് നൗഫല്‍ യൂട്യൂലൂടെ വരുമാനം നേടി തുടങ്ങിയത്. കഷ്ടപ്പെട്ട് ഉണ്ടാക്കി പൈസ എല്ലാം ചെലവാക്കി ഉപ്പയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവന്ന് വീട്ടില്‍ എത്തിച്ചപ്പോള്‍, കൂട്ടുകാരില്‍ ചിലര്‍ വീണ്ടും മദ്യപിക്കാന്‍ പ്രേരിപ്പിച്ചു. അത് വീണ്ടും തുടങ്ങി. രണ്ടാമതും ഡി അഡിക്ഷന്‍ സെന്ററില്‍ കൊണ്ടു ചെന്നാക്കി. ഇനിയും ഇയാളുടെ ദേഹത്ത് മരുന്ന് കയറ്റാന്‍ പറ്റില്ല. ഇത് അവസാനത്തെ ശ്രമമാണ് എന്ന് ഡോക്ടര്‍ പറയുകയായിരുന്നു.

പിന്നാലെ ഉപ്പയുടെ കൂട്ടുകാരെ ചെന്ന് കണ്ട്, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അതിന് ശേഷം ഉപ്പ മദ്യപിച്ചിട്ടില്ല. ജീവിതം തിരിച്ച് കിട്ടുകയും ചെയ്തു. ഉപ്പയല്ല, മദ്യമാണ് ഉപ്പയെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്. കൈ ഒഴിയുന്നതിന് പകരം ചേര്‍ത്ത് പിടിച്ചാല്‍ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് അന്നേ ഡേക്ടര്‍മാര്‍ തന്നോട് പറഞ്ഞെന്നും നൗഫല്‍ വിവരിക്കുന്നു.

പാട്ടിലും അഭിനയത്തിലും എല്ലാം താത്പര്യമുള്ള നാഫല്‍ നീയും ഞാനും എന്ന മ്യൂസിക് ആല്‍ബവും ചെയ്തിട്ടുണ്ട്.