അപ്പൊ എല്ലാവരും ഗോ ടു യുവര്‍ ക്ളാസസ്സ്; വൈറലായി കോഴിക്കോട് കലക്ടറുടെ പോസ്റ്റ്
25-Jul-2023
കോഴിക്കോട്: മഴയെത്തുടര്‍ന്നുള്ള അവധികള്‍ക്ക് അവധി നല്‍കിക്കൊണ്ടുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മഴ കാരണം നാളേയും അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികളോട് വളരെ രസകരമായി ക്ലാസുകളിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണ് കലക്ടര്‍. നാളെ അവധിയ്ക്ക് അവധിയായിരിക്കുമെന്നാണ് കലക്ടര്‍ എ ഗീത ഐഎഎസിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുട്ടികളും മുതിര്‍ന്നവരും ഏറ്റെടുക്കുകയും പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. എല്ലാ സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പിടിഎ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളില്‍ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നാണ് കലക്ടര്‍ നിര്‍ദേശിച്ചിരുക്കുന്നത്. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാനെന്നും കലക്ടര്‍ നിര്‍ദേശിച്ചു.