01
Aug 2023
Tue
01 Aug 2023 Tue

തമിഴ്‌നാട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ച് കൊന്നു,

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് ഗുണ്ടകളെ തമിഴ്‌നാട് പോലീസ് വെടിവച്ചുകൊന്നു. തമിഴ്‌നാട്ടില്‍ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം.

കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്‌കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കുതിച്ചെത്തിയ നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചു. നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാര്‍ത്ഥം വെടിവെക്കേണ്ടിവന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു.