കൊല്‍ക്കത്ത: ചരിത്രത്തിലെ ആദ്യ കേരള ഡെര്‍ബിയില്‍ ഗോകുലം കേരളാ എഫ്സിക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കൊല്‍ക്കത്തയില്‍ നടന്ന ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഐ ലീഗ് വമ്പന്മാരായ ഗോകുലം കേരള ഐ എസ് എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 4-3ന്റെ ജയം നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പില്‍ ഒന്നാമതാണ്. കേരള ബ്ലാസ്റ്റേഴ്സിനിന്റെ ആദ്യ മത്സരമായിരുന്നു.
|
ഇന്ന് കളിയുടെ 17ആം മിനുട്ടില്‍ ബൗബയിലൂടെ ഗോകുലം കേരളയാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 35ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. ജസ്റ്റിനിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. 43ആം മിനുട്ടില്‍ ശ്രീകുട്ടന് ഗോകുലം കേരളക്ക് ലീഡ് തിരികെ നല്കി. സാഞ്ചസ് പെനാള്‍ട്ടി ബോക്സില്‍ നിന്ന് നല്കിയ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ശ്രീകുട്ടന്റെ ഫിനിഷ്. താരത്തിന്റെ ഈ ഡ്യൂറണ്ട് കപ്പ് സീസണിലെ രണ്ടാം ഗോളാണിത്.
ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ അലെക്സ് സാഞ്ചസിലൂടെ ഗോകുലം തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തി. സ്കോര്‍ 3-1. രണ്ടാം പകുതിയില്‍ കളിയിലേക്ക് തിരികെ വരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കും മുമ്പ് തന്നെ ഗോകുലം നാലാം ഗോള്‍ നേടി. ഒരു ലോംഗ് റേഞ്ചറിലൂടെ അഭിജിത്ത് ആണ് ഗോകുലത്തിന്റെ നാലാം ഗോള്‍ കണ്ടെത്തിയത്. സ്കോര്‍ 4-1.
54ആം മിനുട്ടില്‍ പ്രബീര്‍ ദാസിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ കൂടെ മടക്കി. മുഹമ്മദ് ഐമന്റെ മികച്ച സ്കില്ലിന്റെ ഫലമായി വന്ന അവസരം പ്രബീര്‍ ദാസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. സ്കോര്‍ 4-2. ഇരുടീമുകള് കളിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി എങ്കിലും സ്കോര്‍ 4-2ല്‍ തുടര്‍ന്നു. 77ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍ കണ്ടെത്തി. അഡ്രിയാന്‍ ലൂണയുടെ ഫിനിഷ് സ്കോര്‍ 4-3 എന്നാക്കി. ഇത് മത്സരത്തിന് ആവേശകരമായ അവസാന മിനുട്ടുകള്‍ നല്കി. എങ്കിലും നന്നായി ഡിഫന്‍ഡ് ചെയ്ത് ഗോകുലം വിജയം ഉറപ്പിച്ചു.
ഗോകുലം കേരള ഇനി അടുത്ത മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ നേരിടും. എയര്‍ ഫോഴ്സും ബെംഗളൂരു എഫ് സിയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ അടുത്ത എതിരാളികള്‍.


