മലപ്പുറം: താനൂരിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി (എസ്.പി) സുജിത് ദാസിനെതിരായ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്. എസ്.പിയും അദ്ദേഹത്തിന്റെ ‘ഡാന്‍സാഫ്’ എന്ന ഗുണ്ടാ സംഘവും ചേര്‍ന്ന് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്‌നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ചോദിച്ചു.
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതുള്‍പ്പെടെ എസ്.പിക്കെതിരേ പി.കെ നവാസ് ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഇന്ന് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചു. സംഘ പരിവാര്‍ പശ്ചാത്തലമുള്ള സുജിത് ദാസ്, ജില്ലയിലെ കേസുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്നും മലപ്പുറത്തെ കരിവാരിതേക്കാന്‍ ശ്രമം നടക്കുന്നുവെന്നും പി കെ നവാസ് നേരത്തെ ആരോപിച്ചിരുന്നു.
കസ്റ്റഡി കൊലപാതകത്തിന് നേതൃത്വം നല്‍കിയ ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസ് അന്വേഷിക്കണമെന്ന് മണ്ഡലം മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ ‘ഡാൻസാഫ്’ എന്ന ഗുണ്ടാ സംഘവും ചേർന്ന് താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്നമായ തെളിവുകൾ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നത്?
പോസ്റ്റ്മാർട്ടം റിപ്പോർട്ട് നശിപ്പിക്കാൻ എസ്.പി നടത്തിയ ഇടപെടൽ പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സർവ്വീസിൽ തുടരുന്നത്?
പ്രതികളായ ഡാൻസാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സർക്കാർ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്?
തന്നെ ചതിച്ച് പ്രതിയാക്കുകയാണ് SPയെന്ന് താനൂർ പോലീസ് SI കൃഷ്ണലാൽ കൈകുപ്പി കരഞ് പറഞ്ഞിട്ടും എന്താണ് അധികാരികൾക്ക് അനക്കം ഇല്ലാത്തത് ?
മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്?
ഇദ്ദേഹത്തോടൊപ്പം ചാർജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത് ?
മലപ്പുറം എസ്.പി പിണറായി വിജയനെ ‘അങ്കിൾ’ എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പോലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനൽ എസ്.പി സ്വയം രാജാവായി വാഴുന്നത്?
ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും
സ്വന്തക്കാർക്ക് കേരളത്തെ കീറിമുറിക്കാൻ അനുമതി നൽകിയും ഈ സർക്കാർ മുന്നോട്ട് പോകുമ്പോൾ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നിൽക്കുന്നത്?
കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റി നിർത്താൻ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലങ്കിൽ, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനകാൻ ഈ എസ്.പിക്ക് പിന്നിൽ സർക്കാരിന്റെ മറകൾ ഇനി എന്തൊക്കെയുണ്ട്.
ഈ മാസം ആദ്യവാരത്തിൽ ചേർന്ന ജില്ലാ പോലീസ് മീറ്റിംഗിൽ “എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ല ഞാൻ മലപ്പുറത്ത് തന്നെ കാണുമെന്ന് ” സുജിത്ദാസ് വെല്ലുവിളിക്കുമ്പോൾ തന്റെ മേലുദ്യോഗസ്ഥർക്കെതിരെ ചില തെളിവുകൾ കയ്യിലെ ലാപ്പ് ടോപ്പിലുണ്ട് അത്കൊണ്ട് തന്നിലേക്ക് ഒരന്യോഷണവും വരില്ല എന്ന് ധാരണയുടെ അഹങ്കാരത്തിലാണോ ?
താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലയിൽ ഒളിവിൽ കഴിയുന്ന നാല് സാൻസാഫ്കാരെ ഇരുട്ടിൽ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്ന് മാത്രമേ പറയാനൊളളൂ Dysp ബെന്നിയുടെയും SP യുടെയും വാട്ട്സ്ആപ്പ് കോളുകൾ പരിശോധിച്ചാൽ തീരാവുന്നതേ ഒള്ളൂ ഈ ഒളിച്ച്കളി.