30
Aug 2023
Tue
30 Aug 2023 Tue

മലപ്പുറം: വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കരുവാരക്കുണ്ട് തുവ്വൂരിലാണ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പറമ്പ് സ്വദേശിനിയായ മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടെ (35) മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന തുവ്വൂര്‍ പഞ്ചായത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ രണ്ട് സഹോദരങ്ങളെയും അച്ഛനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവാണ് വിഷുണു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. ഓഗസ്റ്റ് 11 നാണ് സുജിതയെ കാണാതായത്. അന്ന് ഉച്ചയ്ക്ക് കൃഷിഭവനില്‍നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മൃതദേഹം സുജിതയുടേത് തന്നെയാണെന്നാണ് സംശയിക്കുന്നത്.

വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പോലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.