01
Aug 2023
Tue
01 Aug 2023 Tue

അരിക്കൊമ്പന്‍ ആരോഗ്യവാനും സന്തോഷവാനും; പുതിയ ചിത്രങ്ങള്‍ പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ചിന്നക്കനാലില്‍നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ആന ആരോഗ്യവാനാണെന്നും ഉന്മേഷവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന ആന തേനിയില്‍ ജനവാസ മേഖലയിലിറങ്ങിയതോടെയാണ് വനം വകുപ്പ് പിടികൂടി കളക്കാട് മുണ്ടന്തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. ആന ഇവിടെ പൂര്‍ണ്ണ ആരോഗ്യത്തോടെ കഴിയുകയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

തേനി ജില്ലയിലെ കമ്പത്ത് നിന്നും പിടികൂടി തിരുനല്‍വേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്. ആനക്കൂട്ടത്തോട് ഇണങ്ങിയ അരിക്കൊമ്പന്‍ ഇവയോട് തെറ്റിപ്പിരിഞ്ഞ് ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പിന്റെ വിശദീകരണം.

കളക്കാട് വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടതുമുതല്‍ ആനയെ നിരീക്ഷിച്ചുവരികയാണ്. അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ഓഗസ്റ്റ് 19 നും 20 നും ഡെപ്യൂട്ടി ഡയറക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. അരിക്കൊമ്പന്‍ ആരോഗ്യവാനാണ്, ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ തൊട്ടടുത്ത് ആനക്കൂട്ടം ഉണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.

ആനയുടെ സഞ്ചാരദിശ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ സ്ഥലത്ത് ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.