01
Sep 2023
Mon
01 Sep 2023 Mon

ഡൽ​​ഹി: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പരാമർശങ്ങൾ പാടില്ലെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും മമത പറഞ്ഞു. സനാതനധർമത്തെ താൻ ബഹുമാനിക്കുന്നു. ഉദയനിധി ജൂനിയറാണ്. ചിലപ്പോൾ കാര്യങ്ങൾ അറിയാതെയായിരിക്കും പരാമർശം നടത്തിയതെന്നും മമത കൂട്ടിച്ചേർത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇതിനെതിരെ ബിജെപിയും സംഘ്പരിവാർ സംഘടനകളും രം​ഗത്തെത്തി.

ഇതിനിടെ, ഉദയനിധിക്കെതിരെ സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിലും അഭിഭാഷകൻ സുധീർ കുമാർ ഓജെ ബിഹാറിലും പരാതി നൽകിയിരുന്നു. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. എന്നാൽ തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഉദയനിധിയെ പിന്തുണച്ച് വിടുതലൈ ചിരുതൈഗൾ കച്ഛി നേതാവ് തോൾ തിരുമാവളവൻ രം​ഗത്തെത്തി. ഉദയനിധിയുടെ പരാമർശങ്ങൾ ഹിന്ദു വിഭാഗത്തിനെതിരല്ലെന്നും മറിച്ച് സംഘ്പരിവാർ അജണ്ടയ്ക്ക് എതിരെയാണെന്നും അദ്ദേഹം പറ‍ഞ്ഞു. അവരുടെ അജണ്ട ഹിന്ദുത്വമാണന്നും തോൾ തിരുമാവളവൻ ചൂണ്ടിക്കാട്ടി. സനാതന ധർമം എന്നത് പകർച്ചവ്യാധിയാണ്. പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യാതെ രാജ്യത്ത് ജനങ്ങൾക്കിടയിൽ തുല്യതയുണ്ടാകില്ലെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.