23
Sep 2023
Fri
23 Sep 2023 Fri

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം UAEയില്‍; പ്രോലീഗ് ടീമുകളുമായി സൗഹൃദ മത്സരങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം യു.എ.ഇയിലെത്തി. സൗദിയിലെ പ്രോ ലീഗിലെ ക്ലബ്ബുകളുമായുള്ള മത്സരങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കമാകും. യു.എ.ഇയിലെ സബീല്‍ അല്‍ സ്റ്റേഡിയത്തില്‍ അല്‍ വസല്‍ എഫ്.സിയുമായാണ് ആദ്യ സൗഹൃദമത്സരം. 12ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ എഫ്.സിയേയും 15നു ശഹാബ് അല്‍ അഹ്ലിയേയും നേരിടും.

ഈ മാസാവസാനം നടക്കുന്ന ഐ.എസ്.എല്ലിന് മുന്നോടിയായി അന്തിമഘട്ട പരിശീലന ഭാഗമായി മൂന്നു മത്സരങ്ങളാണ് കേരള ക്ലബ്ബ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി മഞ്ഞപ്പട യു.എ.ഇയില്‍ എത്തിയിരുന്നു. എന്നാല്‍ ഫിഫയുടെ വിലക്ക്മൂലം അന്ന് കളിക്കാനായില്ല. ഇത്തവണ മികച്ച മൂന്ന് ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളിലൂടെ മികച്ച പരിശീലം നല്‍കാനാവുമെന്നാണ് കോച്ച് ഇവാന്‍ വു കൊമനോവികിന്റെ പ്രതീക്ഷ.

ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ജീക്‌സണ്‍, രാഹുല്‍, വിപിന്‍ തുടങ്ങിയവര്‍ ഇല്ലാതെയാണ് ടീം ഇത്തവണ കളിക്കാനിറങ്ങുക. മികച്ച താരം അട്രിയാന്‍ ലൂണയുടെ പ്രകടനം ആരാധകരെ ത്രസിപ്പിക്കും. ക്വമെ പെപ്ര, മിലോസ് ഡ്രിന്‍സിക്, പ്രീതം കോട്ടല്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

മത്സരങ്ങള്‍ക്കായി ചൊവ്വാഴ്ച രാത്രി ദുബൈ വിമാനത്താവളത്തില്‍ എത്തിയ ടീമിനു മഞ്ഞപ്പട ആരാധകര്‍ ഗംഭീര സ്വീകരണമൊരുക്കിയിരുന്നു. 16 വരെ ടീം യു.എ.ഇയില്‍ തുടരും.

ആറുവര്‍ഷമായി ടീമിന്റെ കൂടെയുള്ള സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് ഇല്ലാത്ത സീസണിനാണ് ക്ലബ്ബ് ഇത്തവണ ഇറങ്ങുക.