പുതുപ്പള്ളിക്കാരോട് നന്ദി പറയാന്‍ ഇന്ന് പദയാത്രയുമായി ചാണ്ടി ഉമ്മന്‍
|
കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ചാണ്ടി ഉമ്മന്‍ ഇന്ന് മണ്ഡലത്തില്‍ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം. കുരോപ്പട ളാക്കാട്ടൂരില്‍ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഭാരത് ജോഡോ പദയാത്ര വാര്‍ഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപന ദിവസവും ചാണ്ടി സമാനമായ രീതിയില്‍ പദയാത്ര നടത്തിയിരുന്നു.
ഇടതു കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച് 37719 വോട്ടുകള്‍ക്കാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും മേല്‍ക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം. 13 റൗണ്ടുകള്‍ വോട്ടെണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് പോലും മകന്‍ ചാണ്ടി ഉമ്മന്‍ പഴങ്കഥയാക്കി.
ഇത് അപ്പയുടെ പതിമൂന്നാം വിജയമാണെന്നാണ് ഫലം അറിഞ്ഞ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. വികസനതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. വികസനവും കരുതലുമായി അമ്പത് വര്‍ഷക്കാലം ഉമ്മന്‍ചാണ്ടി ഇവിടെ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച ഇവിടെ ഉണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നില്‍ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചൊല്ലും.





