മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് സംഘ്പരിവാർ നേതാക്കളടക്കമുള്ളവർ കോടികൾ തട്ടിയ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ഹൊസ്പേട്ട ജില്ലയിൽ ഹിറേഹഡഗളി ലിംഗായത്ത് മഠത്തിലെ സ്വാമി അഭിനവ ഹാലശ്രീയാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
|
കേസിലെ മുഖ്യപ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയും ഏതാനും കൂട്ടാളികളും അറസ്റ്റിലായത് മുതൽ ഹാലശ്രീയും ഒളിവിലായിരുന്നു
ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചെന്നാണ് ഇവർക്കെതിരായ കേസ്.
ഒഡീഷ പൊലീസിന്റെ സഹായത്തോടെ ബംഗളൂരു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ രാത്രിയോടെ ബംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും. ശനിയാഴ്ച സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ കോടതി വിധി വരും മുമ്പാണ് ട്രെയിൻ യാത്രയ്ക്കിടെ ഒഡീഷയിലെ കട്ടക്കിൽ നിന്ന് സ്വാമി പിടിയിലായത്.
അഭിനവ ഹാലശ്രീ സ്വാമി അകത്താവുന്നതോടെ സീറ്റിന് കോഴ കേസിനു പിന്നിലെ വൻ തോക്കുകളുടെ വിവരങ്ങൾ പുറത്തുവരും എന്നാണ് മുഖ്യ പ്രതി ചൈത്ര കുന്താപുര പറഞ്ഞിരുന്നത്. ബംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോട് പറഞ്ഞ ഇക്കാര്യം തിങ്കളാഴ്ച ആശുപത്രി വീട്ടപ്പോഴും അവർ ആവർത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉഡുപ്പി കൃഷ്ണ മഠം പരിസരത്ത് നിന്ന് അറസ്റ്റിലായ ചൈത്ര വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്യലിനിടെ ബോധം കെട്ട് വീണതിനെത്തുടർന്ന് ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു ഇവർ ബോധരഹിതയായി വീണത്. വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമീഷണർ റീന സുവർണ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞദിവസം ചൈത്രയുടെ ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ, കാർ എന്നിവ കണ്ടെടുത്ത ക്രൈംബ്രാഞ്ച്, ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവ മൂന്ന് കോടിയോളം രൂപയുടെ വസ്തുവകകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ചൈത്രയുടെ പേരിലുള്ള കാർ ഭഗൽകോട്ട് ജില്ലയിലെ മുഥൂലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ചൈത്രയുടേയും അറസ്റ്റിലായ ശ്രീകാന്തിന്റേയും പേരിൽ ഉഡുപ്പി ശ്രീരാമ സൊസൈറ്റിയിലെ ജോയിന്റ് അക്കൗണ്ടിൽ 1.8 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണുള്ളത്. ചൈത്രയുടെ ബന്ധു മാനേജരായ മറ്റൊരു സൊസൈറ്റിയിൽ 40 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തി. ചൈത്രയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾക്ക് 65 ലക്ഷം രൂപ വിലവരും.
ഭൂമി ഇടപാടുകൾക്ക് ചൈത്ര പണം നൽകിയതായും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതായും സൂചന ലഭിച്ച ക്രൈംബ്രാഞ്ച് സംഘം ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൈത്ര തന്റെ ജ്യേഷ്ഠ സഹോദരിയുടെ വീട് 15 ലക്ഷം രൂപ മുടക്കി നവീകരിച്ചു എന്നതാണ് പൊലീസിന്റെ മറ്റൊരു കണ്ടെത്തൽ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





