ഭരണഘടനയില്‍നിന്ന് മതേതരത്വം പുറത്ത്: വിതരണം ചെയ്ത പുതിയ പതിപ്പില്‍ മതേതരത്വം സോഷ്യലിസവും ഇല്ലെന്ന് കോണ്‍ഗ്രസ്
|
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍നിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലര്‍’ എന്ന ഭാഗമാണ് എടുത്തുമാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പില്‍, അതായത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖ(പ്രീയാമ്പിള്‍)ത്തില്‍ ‘സോഷ്യലിസ്റ്റ് സെക്യുലര്‍’ എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നു ഞങ്ങള്‍ക്കറിയാം, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോള്‍ ആ വാക്കുകള്‍ ഉള്‍പ്പെടുന്നില്ലെന്നത് ആശങ്കാവഹമായ കാര്യമാണ്.- അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഈ മാറ്റം വളരെ ബുദ്ധിപൂര്‍വ്വം നടത്തിയെന്നും ഇതിന് പിന്നിലെ ഉദ്ദേശങ്ങള്‍ പ്രശ്നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അധീര്‍ രഞ്ജന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് , പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം ഇരുസഭകളിലെയും പാര്‍ലമെന്റ് ജീവനക്കാര്‍ക്കുള്ള യൂണിഫോമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചേംബര്‍ അറ്റന്‍ഡന്റുകള്‍, ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, മാര്‍ഷലുകള്‍ എന്നിവര്‍ ഉള്‍പ്പടെ എല്ലാവരും പ്രത്യേക സെഷനില്‍ പുതിയ യൂണിഫോം ധരിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





