തോല്‍വിയില്ലാത്ത ആയിരാമത്തെ മത്സരവും പൂര്‍ത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മറ്റാര്‍ക്കുമില്ലാത്ത നേട്ടം അല്‍ നസര്‍ താരത്തിന് സ്വന്തം
|
തെഹ്‌റാന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ അല്‍നസ്ര്‍ എഫ്.സിക്ക് ജയം. ഇറാന്‍ ക്ലബ് പെര്‍സെപോളിസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസ്ര്‍ പരാജയപ്പെടുത്തിയത്. പെര്‍സെപോളിസിന്റെ ഡാനിയല്‍ ഇസ്മായിലിഫര്‍ 62ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതിലൂടെ മുന്നിലെത്തിയ അല്‍ നസ്ര്‍ 72ാം മിനിറ്റില്‍ മുഹമ്മദ് ഖാസിമിന്റെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.
റൊണാള്‍ഡോയുടെ മികച്ച നീക്കങ്ങളിലൂടെയായിരുന്നു അല്‍ നസര്‍ എഫ് സി ജയത്തിലെത്തിയത്. എന്നാല്‍, മത്സരത്തില്‍ ഗോള്‍ നേടാനും അസിസ്റ്റ് ചെയ്യാനും സാധിച്ചില്ലെങ്കിലും റെക്കോഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടിയെത്തി.
അല്‍ നസര്‍ എഫ്.സി, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ജിച്ചതോടെ കരിയറില്‍ തോല്‍വിയില്ലാതെ 1000 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡാണ് പോര്‍ച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈം വരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ എഫ്.സിക്കു വേണ്ടി മൈതാനത്തുണ്ടായിരുന്നു.
ജയത്തോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി അല്‍ നസര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തജിക്കിസ്ഥാന്‍ ക്ലബ്ബായ എഫ്.സി ഇസ്തിക്ലോലും ഖത്തറില്‍ നിന്നുള്ള അല്‍ ദുഹാലി എഫ്.സിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ എഫ്‌സിയുടെ അടുത്ത പോരാട്ടം ഇസ്തിക്ലോലിനെതിരെയാണ്. ഒക്ടോബര്‍ രണ്ടാം തീയതി അല്‍ നസറിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് ഈ മത്സരം നടക്കുക.
സൗദി പ്രൊ ലീഗില്‍ ആറ് മത്സരങ്ങളില്‍ 12 പോയിന്റുമായി അല്‍ നസര്‍ ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് സീസണില്‍ ഏഴ് ഗോളുകള്‍ സ്വന്തമാക്കി. സൗദി പ്രൊ ലീഗില്‍ നിലവിലെ ടോപ് സ്‌കോററും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. നാല് ഗോളിന് അസിസ്റ്റും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തി. ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.


