09
Dec 2023
Sat
09 Dec 2023 Sat

പെയ്‌തൊഴിയാതെ മഴ: ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ പെയ്‌തൊഴിയാതെ മഴ. തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കൂട്ടത്തില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

നിലവില്‍ ഇന്ന് വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ കേരള, തമിഴ്‌നാട് തീരങ്ങളില്‍ കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശംകേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 09122023 (ശനി) രാത്രി 11.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടല്‍ക്ഷോഭം രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും മറ്റും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക